പൂമാരുതൻ തെയ്യത്തിൻ്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി

കാസർകോട്: പൂമാരുതൻ തെയ്യത്തിൻ്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം പള്ളിക്കര പാലരെകീഴിൽ ശ്രീ വിഷ്‌ണുമൂർത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിനിടയിലാണ് സംഭവം. പൂമാരുതൻ ദൈവത്തിൻ്റെ വെള്ളാട്ടിനിടയിൽ തെയ്യത്തിൻ്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി വീഴുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പരിക്കേറ്റ നീലേശ്വരം സ്വദേശി മനു പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്.തട്ടും വെള്ളാട്ടം എന്ന പേരിലറിയപ്പെടുന്ന തെയ്യം കെട്ടിയാടുന്നതിനിടെ കാഴ്‌ചക്കാരെ പോലും പരിച കൊണ്ട് തട്ടി മാറ്റും. തെയ്യത്തിൽ നിന്നും തട്ട് വാങ്ങാനും തെയ്യത്തെ ആവേശത്തിലേറ്റാനും ചെറുപ്പക്കാർ ആർപ്പുവിളികളുമായി ചുറ്റും കൂടും. ഇങ്ങനെ നിന്നതാണ് മനുവും.തെയ്യത്തിൻ്റെ തട്ടേറ്റ് വീഴുകയായിരുന്നുവെന്നും എന്നാൽ മറ്റു പരുക്കുകൾ ഒന്നും ഉണ്ടായിട്ടിലെന്നും തെയ്യം കണ്ടാണ് മനു മടങ്ങിയതെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.മലനാട് കാണാൻ ഏഴിമലയിൽ എത്തിയ ആര്യ രാജപുത്രിയുടെ സഹോദര സ്ഥാനീയനാണ് മല്ലനായ പൂമാരുതൻ എന്നാണ് വിശ്വാസം. വഴിനീളെ 107 ആഴികടന്ന് ദുഷ്‌ട ശക്തികളെ നിഗ്രഹിച്ച് ഭക്തരെ രക്ഷിച്ചു എന്നാണ് വിശ്വാസം. പൂമാല ഭഗവതിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണ് പൂമാരുതൻ കെട്ടിയാടുന്നത്.