കോടതിയുടെ വെര്‍ച്വല്‍ വാദം കേള്‍ക്കാന്‍ അർദ്ധനഗ്‌നനായി എത്തിയ യുവാവ് അറസ്റ്റില്‍.

കോടതിയുടെ വെര്‍ച്വല്‍ വാദം കേള്‍ക്കാന്‍  അർദ്ധനഗ്‌നനായി എത്തിയ യുവാവ് അറസ്റ്റില്‍.

ന്യൂഡൽഹി: കോടതിയുടെ വെര്‍ച്വല്‍ വാദം കേള്‍ക്കാന്‍ പുകവലിച്ചും മദ്യപിച്ചും അടിവസ്‌ത്രം മാത്രം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍.   ഡല്‍ഹി ഗോകുല്‍പുരി സ്വദേശി മുഹമ്മദ് ഇമ്രാന്‍ (32) ആണ് അറസ്റ്റിലായത്. തീസ് ഹസാരി കോടതി റെക്കോർഡ് കീപ്പർ അൻഷുൽ സിംഗാളിന്‍റെ പരാതിയെത്തുടർന്നാണ് ഇയാളെ ഇന്ന് അറസ്‌റ്റ് ചെയ്‌തത്.

സെപ്റ്റംബർ 22 നാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. കവര്‍ച്ച, പിടിച്ചുപറി എന്നിങ്ങനെ അന്‍പതിലധികം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, സെപ്‌റ്റംബര്‍ 16, 17 തിയതികളില്‍ കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സ് സെഷനുകളില്‍ അകിബ് അഖ്ലക് എന്ന പേരില്‍ ഒരു വ്യക്തി പങ്കെടുത്തിരുന്നു. ഇയാള്‍ അടിവസ്‌ത്രം മാത്രം ധരിച്ച് മദ്യപിച്ചും പുകവലിച്ചുമാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പ്രത്യക്ഷപ്പെട്ടത്. പലതവണ പോകാന്‍ കോടതി പോകാന്‍ നിര്‍ദേശിച്ചിട്ടും ഇയാള്‍ കോണ്‍ഫറന്‍സില്‍ തന്നെ തുടരുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജ ബന്തിയ പറഞ്ഞു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഐപി വിലാസങ്ങളുടെയും കോൾ ഡാറ്റ റെക്കോർഡുകളുടെയും അടിസ്ഥാനത്തില്‍ പ്രതി ഒന്നിലധികം വ്യാജ ഇമെയിൽ ഐഡികൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഇടയ്ക്കിടെ സ്ഥലങ്ങൾ മാറിയിട്ടുണ്ടെന്നും കണ്ടെത്തി. ഇത് ട്രാക്കിംഗ് ചെയ്യുന്നതിന് തടസമുണ്ടാക്കി.

പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന്‍റെയും പൊലീസിന്‍റെയും അന്വേഷണത്തില്‍ പ്രതി പഴയ മുസ്‌തഫാബാദിലെ ചാമന്‍ പാര്‍ക്കില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് ഇയാളെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്‌തതെന്ന് മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.വെബ് എക്‌സ് വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ഒരു പരിചയക്കാരിനില്‍ നിന്ന് പഠിച്ചതായും കോടതി നടപടികളില്‍ കൗതുകം കൊണ്ടാണ് പങ്കെടുത്തതെന്നും ഇമ്രാന്‍ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് സമ്മതിച്ചു.