കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്: വീടിന് സമീപത്തെ കൃഷിയിടത്തിൽ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് പച്ചാടി കതങ്ങത്ത് നടുവീട്ടിൽ രാജീവ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇദ്ദേഹത്തെ കാണാതായത്. കാട്ടാന ആക്രമിച്ചതാകാമെന്നാണ് വനംവകുപ്പിൻ്റെയും പൊലീസിൻ്റെയും പ്രാഥമിക നിഗമനം.കൃഷിയിടത്തിൽ കാട്ടാന ഇറങ്ങിയതറിഞ്ഞ് ഓടിക്കാനായി പോയ രാജീവ് തിരികെ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ പ്രദേശത്ത് കാട്ടാനയുടെ കാൽപാടുകൾ വ്യക്തമായി കാണാനുണ്ട്. ഇത് കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചത് എന്ന സംശയത്തിന് ബലമേകുന്നു. പ്രാഥമിക പരിശോധനയിൽ രാജീവിൻ്റെ ശരീരത്തിൽ പുറമെ കാണാവുന്ന തരത്തിലുള്ള വലിയ പരിക്കുകളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വനംവകുപ്പും പൊലീസും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തുകയാണ്.