തളിപ്പറമ്പിൽ കിണറ്റിൽ ചാടിയ യുവതി മരിച്ചു, രക്ഷിക്കാൻ ചാടിയ അമ്മയ്ക്ക് ഗുരുതര പരിക്ക്

കണ്ണൂർ: തളിപ്പറമ്പിൽ കിണറ്റിൽ ചാടിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചവനപ്പുഴ അങ്കണവാടിക്ക് സമീപം കരിയാപ്പത്ത് വീട്ടിൽ ചിത്രലേഖ (40) ആണ് മരണപ്പെട്ടത് . മകളെ രക്ഷിക്കാനായി കിണറ്റിലേക്ക് എടുത്തുചാടിയ അമ്മ ലക്ഷ്മിക്കുട്ടി (65) ഗുരുതര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ അതീവ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ചിത്രലേഖ രാവിലെ വീടിന് പുറത്തുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു. ഇതുകണ്ട് പരിഭ്രാന്തയായ അമ്മ ലക്ഷ്മിക്കുട്ടി മകളെ രക്ഷിക്കാനായി പുറകെ കിണറ്റിലേക്ക് ചാടിയെങ്കിലും കനത്ത ആഴവും പരിക്കും കാരണം ഇരുവരും കിണറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു.
സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് അയൽവാസികൾ ഈ വിവരമറിയുന്നത്. വീട്ടിൽ നിന്ന് ഏറെ നേരമായി ആരെയും പുറത്തു കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടനടി വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് സംഘമാണ് അതീവ സങ്കീർണ്ണമായ രക്ഷാപ്രവർത്തനത്തിലൂടെ ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും ചിത്രലേഖ മരണപ്പെട്ടിരുന്നു. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.