ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചുകയറി റീത്ത് വെച്ചു

  ആരോഗ്യമന്ത്രിയുടെ  ഔദ്യോഗിക വസതിയിൽ  യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചുകയറി റീത്ത് വെച്ചു

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ തുടർച്ചയായ വീഴ്ചകളിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ചുകയറി. വഴുതക്കാടുള്ള തൈക്കാട് ഹൗസിൻ്റെ ഗേറ്റ് തകർത്ത് അകത്തുകയറിയ പ്രവർത്തകർ സിറ്റൗട്ടിൽ റീത്ത് വയ്ക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തു. പൊലീസിൻ്റെയും ഇൻ്റലിജൻസിൻ്റെയും ഗുരുതര വീഴ്ചയാണ് അതീവ സുരക്ഷാ മേഖലയിലുണ്ടായ ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്.

അപ്രതീക്ഷിത പ്രതിഷേധവും സുരക്ഷ വീഴ്ചയും

രാവിലെ ഏഴേകാലോടെ തൈക്കാട് ക്ഷേത്രത്തിന് സമീപത്തുനിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ തികച്ചും അപ്രതീക്ഷിതമായാണ് മന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറിയത്. സാധാരണയായി പത്തുമണിക്ക് ശേഷം മാത്രം ഇത്തരം രാഷ്ട്രീയ സമരങ്ങൾ നടക്കാറുള്ളതിനാൽ പൊലീസിൻ്റെ സ്പെഷ്യൽ ബ്രാഞ്ചിനോ ഇൻ്റലിജൻസിനോ യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ നിന്ന് നൂറ് മീറ്ററും പൊലീസ് ആസ്ഥാനത്തുനിന്ന് ഒരു കിലോമീറ്ററും മാത്രം അകലെയാണ് മന്ത്രിമന്ദിരം സ്ഥിതി ചെയ്യുന്നത്. കൻ്റോൺമെൻ്റ്, മ്യൂസിയം, തമ്പാനൂർ സ്റ്റേഷനുകൾക്കും എആർ ക്യാമ്പിനും പൊലീസ് ട്രെയിനിങ് കോളജിനും സമീപത്തുള്ള വിഐപി മേഖലയാണിത്.സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഒന്നോ രണ്ടോ പൊലീസുകാർ ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചെങ്കിലും തള്ളിക്കയറിയ പ്രതിഷേധക്കാരെ തടയാനായില്ല. ഈ ഉന്തും തള്ളിലുമാണ് ഗേറ്റിൻ്റെ പൂട്ട് തകർന്നത്.

ഗേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ച് മടങ്ങുമെന്നായിരുന്നു ഗാർഡുമാരുടെ പ്രതീക്ഷയെങ്കിലും ബോധപൂർവം ആസൂത്രണം ചെയ്ത പ്രകാരം പ്രവർത്തകർ വസതിയുടെ ഉമ്മറത്തെത്തുകയായിരുന്നു. പത്തനംതിട്ടയിൽ രാവിലെ 8.45ന് നടക്കേണ്ട യോഗത്തിൽ പങ്കെടുക്കാൻ നേരത്തെ തന്നെ മന്ത്രി വീണാ ജോർജ് യാത്ര തിരിച്ചിരുന്നതിനാൽ വസതിയിൽ ഉണ്ടായിരുന്നില്ല. മറ്റ് കുഴപ്പങ്ങളൊന്നും പ്രവർത്തകർ ഉണ്ടാക്കിയില്ല എന്നത് മാത്രമാണ് ആശ്വാസം. സംഭവസമയത്ത് മന്ത്രി അവിടെയുണ്ടായിരുന്നെങ്കിൽ ക്രമസമാധാന പ്രശ്നം എത്രത്തോളം വഷളാകുമായിരുന്നു എന്നത് പൊലീസിൻ്റെ ഗുരുതര വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ അടുത്ത കാലത്തൊന്നും കാണാത്ത രീതിയിലുള്ള പിഴവുകളാണ് സംഭവിക്കുന്നതെന്നും ജീവൻ രക്ഷിക്കേണ്ട ആശുപത്രികൾ കൊലക്കളങ്ങളായി മാറിയെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു

. ഇതിനാലാണ് മന്ത്രിയുടെ വസതി മരണവീടായി മാറിയെന്ന് പ്രഖ്യാപിച്ച് റീത്ത് സ്ഥാപിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് നേമം ഷജീറിൻ്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. കോഴിക്കോട് ഹർഷിനയുടെ വയറ്റിൽ അഞ്ച് വർഷത്തോളം കത്രിക കുടുങ്ങിയത് മുതൽ ആലപ്പുഴയിൽ ഒമ്പത് വയസുകാരിയുടെ കൈ നഷ്ടപ്പെട്ടതും ഗൈഡ് വയർ കുടുങ്ങിയതും നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിൻ്റെ മരണവും നേതാക്കൾ ചൂണ്ടിക്കാട്ടി.

പ്രസവ ശസ്ത്രക്രിയക്ക് ശേഷം ഒരു സ്ത്രീക്ക് മൂത്രനാളിയിലൂടെ മലവിസർജനം നടത്തേണ്ടി വന്ന ഗുരുതര സാഹചര്യവും അവർ ഓർമിപ്പിച്ചു. സ്വന്തം വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന ഡോക്ടർ ഹാരിസ് ചിറക്കൽ പറയുന്നത് ഒരു പേപ്പർ വാങ്ങാൻ പോലും ഗതിയില്ലാത്ത വകുപ്പായി ഇത് മാറിയെന്നാണ്. നൂറുകണക്കിന് ചികിത്സാപ്പിഴവുകൾ ഉണ്ടായിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നും റിപ്പോർട്ട് തേടുമെന്ന് പറയുന്നതല്ലാതെ യാതൊരു ഫലവുമില്ലെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. ഇത്രയും ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടും മന്ത്രി അഹങ്കാരത്തോടെ കസേരയിൽ ഇരിക്കുകയാണെന്നും അടിയന്തരമായി ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

തുടർനടപടികളും അറസ്റ്റും

സിറ്റൗട്ടിൽ റീത്ത് വച്ചുള്ള പ്രതിഷേധത്തിന് ശേഷം പുറത്തേക്ക് പോകാൻ നേമം ഷജീർ നിർദേശം നൽകിയെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. ഗേറ്റിന് മുന്നിൽ കൊടികളുമേന്തി മുദ്രാവാക്യം വിളികളുമായി അവർ ധർണ തുടരുകയും ഗേറ്റിൽ കരിങ്കൊടി കെട്ടുകയും ചെയ്തു. പൊലീസ് വാഹനമിടിപ്പിച്ച് കൊല്ലാൻ വന്നാലും പിന്മാറില്ലെന്നും ജനാധിപത്യപരമായ അവകാശങ്ങൾ ഉപയോഗിച്ച് സമരം തുടരുമെന്നും പ്രവർത്തകർ വ്യക്തമാക്കി. രാജി വയ്ക്കുന്നതുവരെ ശക്തമായ പ്രതിഷേധം തുടരുമെന്നതിൻ്റെ സൂചന മാത്രമാണിതെന്നും അവർ മുന്നറിയിപ്പ് നൽകി.പ്രതിഷേധം തുടങ്ങി മുക്കാൽ മണിക്കൂറിന് ശേഷമാണ് പൊലീസിന് ആവശ്യമായ സന്നാഹങ്ങളോടെ സ്ഥലത്തെത്താൻ കഴിഞ്ഞത്. ട്രാഫിക് തടസങ്ങൾ കാരണം വനിത പൊലീസുകാർ ഉൾപ്പെടെ വൈകിയാണ് എത്തിയത്. കൂടുതൽ ഉദ്യോഗസ്ഥരെ എത്തിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനായിരുന്നു പൊലീസിൻ്റെ ശ്രമം. ഇതിനിടെ ഒരു പ്രവർത്തകനെ പൊലീസ് വാഹനത്തിൽ കയറ്റി. മറ്റ് പ്രവർത്തകർ ഈ വാഹനം തടയാതെ കടത്തിവിട്ടു. എന്നാൽ തങ്ങൾക്കെതിരെ പൊലീസ് ക്രൂരതയാണ് കാണിച്ചതെന്നും പ്രവർത്തകരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നും നേതാക്കൾ ആരോപിച്ചു.

അറസ്റ്റ് ചെയ്ത പ്രവർത്തകനെ വിട്ടുകിട്ടുന്നതിനായി എആർ ക്യാമ്പിലേക്ക് മാർച്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ച പ്രവർത്തകർ പിന്നീട് സ്വമേധയാ പിരിഞ്ഞുപോവുകയായിരുന്നു. കൂടുതൽ പൊലീസുകാരും പ്രതിരോധ സംവിധാനങ്ങളും സ്ഥലത്തെത്തിയിരുന്നെങ്കിലും പ്രവർത്തകർ സ്വയം പിന്മാറിയതുകൊണ്ട് മാത്രമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യമന്ത്രിക്കെതിരെ പലയിടത്തും പ്രതിഷേധങ്ങൾ നടന്നിട്ടും മതിയായ സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടത് സേനയ്ക്ക് വലിയ നാണക്കേടായി.