യുവാവ് തീകൊളുത്തി മരിച്ച സംഭവം; വീണ്ടും തെരുവിലിറങ്ങി നേപ്പാളിലെ ജെൻ സി

കാഠ്മണ്ഡു: 25കാരനായ റൈഡ്-ഷെയറിങ് ഡ്രൈവർ തീകൊളുത്തി മരിച്ച സംഭവത്തിന് പിന്നാലെ, ബലേന്ദ്ര (ബലേൻ) ഷായുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയരുന്നു . കാഠ്മണ്ഡു പോലീസ് തന്റെ ബൈക്കിൻ്റെ വീലിൽ പൂട്ടിട്ടതിനെത്തുടർന്ന് മനോവിഷമത്തിലായ ഗണേഷ് നേപ്പാളി എന്ന യുവാവ് കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വയം തീകൊളുത്തിയത്. വെള്ളിയാഴ്ച ആശുപത്രിയിൽ വെച്ച് യുവാവ് മരണപ്പെട്ടതിനെ തുടർന്ന് സർക്കാരിനെതിരെ നേപ്പാളിലെ ജെൻ സി തെരുവിലിറങ്ങുകയായിരുന്നു
നഗരസഭയുടെ കർക്കശമായ ഇടപെടലുകളാണ് ജനരോഷത്തിന് കാരണം. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിലും ചേരിനിവാസികളെ കുടിയൊഴിപ്പിക്കുന്നതിലും മേയർ കാണിക്കുന്ന അമിതാവേശവും പരുക്കൻ സമീപനവും നേരത്തെ തന്നെ വിമർശിക്കപ്പെട്ടിരുന്നു. പാവപ്പെട്ടവരോട് ഭരണകൂടത്തിന് ഒട്ടും കരുണയില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
മുനിസിപ്പൽ പോലീസിന് ജനങ്ങളെ തടയാനോ ലാത്തിച്ചാർജ് ചെയ്യാനോ നിയമപരമായി അധികാരമില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പൊതുസ്വത്ത് സംരക്ഷിക്കുക, ശുചിത്വം ഉറപ്പാക്കുക, നഗരത്തിലെ ഉത്സവങ്ങൾ നിയന്ത്രിക്കുക എന്നിവ മാത്രമാണ് മുനിസിപ്പൽ പോലീസിന്റെ ഉത്തരവാദിത്തം. എന്നാൽ, നേപ്പാൾ പോലീസ് ചെയ്യേണ്ട കാര്യങ്ങൾ മുനിസിപ്പൽ പോലീസ് ഏറ്റെടുക്കുകയും പൗരന്മാരോട് അക്രമം കാണിക്കുകയും ചെയ്യുന്നുവെന്നാണ് ഉയരുന്ന പ്രധാന പരാതി.
“പാവപ്പെട്ടവർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക”, “മനുഷ്യാവകാശങ്ങൾ മാനിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി സിങ്ദുർബാർ സെക്രട്ടറിയേറ്റിന് മുന്നിൽ നൂറുകണക്കിന് ആളുകളാണ് ഒത്തുകൂടിയത്. സമാധാനപരമായ ചർച്ചകൾക്ക് പകരം ബലപ്രയോഗത്തിലൂടെ കാര്യങ്ങൾ നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിഷേധക്കാർ വാദിക്കുന്നു. ബലേൻ ഷായുടെ ഈ ‘അഗ്രസീവ്’ ഭരണരീതി രാജ്യത്തെ മറ്റ് മുനിസിപ്പാലിറ്റികളിലേക്കും പടരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.