യുംനാം ഖേംചന്ദ് സിങ് മണിപ്പൂരിൻ്റെ പുതിയ മുഖ്യമന്ത്രി ; ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു

യുംനാം ഖേംചന്ദ് സിങ്  മണിപ്പൂരിൻ്റെ പുതിയ മുഖ്യമന്ത്രി ; ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു

 ന്യൂഡൽഹി: നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിങ് മണിപ്പൂർ മുഖ്യമന്ത്രിയാകും. ഡൽഹിയിൽ നടന്ന ബിജെപി നിയമസഭാംഗങ്ങളുടെ യോഗത്തിന് ശേഷമാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകുന്നതോടെ വടക്കുകിഴക്കൻ സംസ്ഥാനത്തെ രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയായിരിക്കും ഇത്.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ശേഷമാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്. ബിജെപി ദേശീയ പ്രസിഡൻ്റ് നിതിൻ നബിൻ, പാർട്ടിയുടെ കേന്ദ്ര നിരീക്ഷകൻ തരുൺ ചുഗ് തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.ബിജെപിയുടെ ഏഴ് കുക്കി-സോ എംഎൽഎമാരിൽ അഞ്ച് പേർ ഇന്നത്തെ നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തു എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ യോഗവും തീരുമാനവും സുപ്രധാനമാണെന്ന് കണക്കാക്കുന്നു.

തുടർന്ന് മണിപ്പൂർ ബിജെപി എംഎൽഎ തോക്ചോം രാധേശ്യാം സിംങ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട യുംനാം ഖേംചന്ദിനെ അഭിനന്ദിച്ചു. "മണിപ്പൂരിൽ ഇപ്പോൾ ജനപ്രിയമായ ഒരു സർക്കാർ ഉണ്ടാകുന്നത് നല്ല കാര്യമാണ്. ഈ നടപടി വളരെ മുമ്പുതന്നെ സ്വീകരിക്കേണ്ടതായിരുന്നു. ഇതിന് കേന്ദ്ര നേതൃത്വത്തിന് ഞങ്ങൾ നന്ദി പറയുന്നു. പുതിയ സർക്കാർ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുമെന്ന് വിശ്വസിക്കുന്നു", എന്ന് തോക്ചോം രാധേശ്യാം കൂട്ടിച്ചേർത്തു.മെയ്‌തി സമുദായാംഗമായ 62 കാരനാണ് യുംനാം ഖേംചന്ദ് സിംങ്. മണിപ്പൂരിൻ്റെ മുൻ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിംങിൻ്റെ മന്ത്രിസഭയിൽ അസംബ്ലി സ്‌പീക്കറായും കാബിനറ്റ് മന്ത്രിയായും സേവനമനുഷ്‌ഠിച്ച മുതിർന്ന പാർട്ടി നേതാവ്. 2017 ലും 2022 ലും ഇംഫാൽ വെസ്‌റ്റ് ജില്ലയിലെ സിങ്‌ജമൈ സീറ്റിൽ നിന്ന് രണ്ടുതവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.2017 മാർച്ച് മുതൽ 2022 മാർച്ച് വരെ മണിപ്പൂർ നിയമസഭാ സ്‌പീക്കറായിരുന്നു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷം നേടിയതിനെത്തുടർന്ന് ബിരേൻ സിംങ് സർക്കാരിൻ്റെ രണ്ടാം ടേമിൽ അദ്ദേഹം മന്ത്രിസഭയിൽ ചേർന്നു. കാബിനറ്റ് മന്ത്രിയെന്ന നിലയിൽ 2025 ഫെബ്രുവരി വരെ മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ, ഭവന വികസനം, ഗ്രാമവികസനം, പഞ്ചായത്തിരാജ്, വിദ്യാഭ്യാസം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌തു.

വർഷങ്ങൾ നീണ്ടുനിന്ന വംശീയ സംഘർഷത്തിന് ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്‍പതിന് അന്നത്തെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംങ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു. തുടർന്ന് 2027 വരെ കാലാവധിയുള്ള 60 അംഗ നിയമസഭ താൽക്കാലികമായി നിർത്തിവച്ചു. മൂന്ന് വർഷത്തോളമായി സംസ്ഥാനത്ത് തുടരുന്ന അക്രമങ്ങളും വംശീയ സംഘർഷങ്ങളും കണക്കിലെടുത്താണ് അദ്ദേഹം രാജി സമർപ്പിച്ചത്.

തുടർന്ന് വംശീയ കലാപത്തിനുശേഷം സംസ്ഥാനം തുടർച്ചയായ അക്രമത്തിലേക്ക് വഴുതിവീഴുന്നത് തടയുന്നതിൽ ബിരേൻ സിംങ് പൂർണ്ണമായും പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മയുടെ എൻപിപി മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് ബിരേൻ സിംങ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയ ഭീഷണി ഉയർന്നതായി റിപ്പോർട്ടുണ്ട്.സംസ്ഥാനത്ത് നിലവിൽ ബിജെപിക്ക് 37 എംഎൽഎമാരുണ്ട്. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ 32 സീറ്റുകൾ നേടി. പിന്നീട് ജനതാദളിൽ (യുണൈറ്റഡ്) നിന്നുള്ള കൂറുമാറ്റത്തിന് ശേഷം അഞ്ച് സീറ്റുകൾ കൂടി നേടി.

മറ്റ് പാർട്ടികളിൽ എൻ‌പി‌പി (ആറ് എം‌എൽ‌എമാർ), എൻ‌പി‌എഫ് (അഞ്ച്), കോൺഗ്രസ് (അഞ്ച്), കുക്കി പീപ്പിൾസ് അലയൻസ് (രണ്ട്), ജെ‌ഡി‌യു (ഒന്ന്), മൂന്ന് സ്വതന്ത്രർ എന്നിവ ഉൾപ്പെടുന്നു. ഒരു സിറ്റിംഗ് എം‌എൽ‌എയുടെ മരണത്തെത്തുടർന്ന് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.വംശീയ കലാപത്തെ തുടർന്ന് 2025 ഫെബ്രുവരിയിൽ എൻ ബിരേൻ സിംങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി മണിപ്പൂരിൽ രാഷ്ട്രപതി ഭരണമാണ് നിലനിൽക്കുന്നത്. നിലവിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഫെബ്രുവരി 12 ന് അവസാനിക്കാനിരിക്കുകയാണ്.പട്ടികവർഗ (എസ്‌ടി) പദവി ആവശ്യപ്പെട്ട് മലയോര ജില്ലകളിലെ മൈതി സമുദായത്തിൽ നിന്നുള്ളവരുടെ നേതൃത്വത്തിൽ നടന്ന 'ഗോത്ര ഐക്യദാർഢ്യ മാർച്ചിനെത്തുടർന്ന് 2023 മെയ് മാസത്തിൽ മെയ്‌തി, കുക്കി സമുദായങ്ങൾ തമ്മിലുള്ള വംശീയ അക്രമം ആരംഭിച്ചു. സംസ്ഥാനത്ത് 300 ലധികം പേരുടെ ജീവൻ അപഹരിക്കപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു മണിപ്പൂരിൽ.