മുംബൈയിൽ ഐകെഎംസിസി സ്വീകരണം; സൈനുൽ ആബിദിനെ ആദരിച്ചു
മുംബൈ: ദേശീയ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐയുഎംഎൽ) വൈസ് പ്രസിഡന്റും,ജിഎം ബാനത്ത് വാല സെന്റർ ഫോർ ഹ്യുമാനിയുടെ വർക്കിംഗ് ചെയർമാനുമായ പ്രമുഖ സാമൂഹിക പ്രവർത്തകൻ സൈനുൽ ആബിദിനെ ഐകെഎംസിസിയുടെ ആഭിമുഖ്യത്തിൽ മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു.
ആസാദ് മൈതാനത്തിന് സമീപമുള്ള പത്രാകർ ഭവൻ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിൽ നടന്ന സ്വീകരണ സമ്മേളനം കേരള സംസ്ഥാന ഐ യു എം എൽ സെക്രട്ടറിയും പ്രഭാഷകനുമായ ഷാഫി ചാലൃം ഉദ്ഘാടനം ചെയ്തു. ഐകെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ കെ.എം.എ. റഹ്മാൻ മമെന്റോ നൽകി സൈനുൽ ആബിദിനെ ആദരിച്ചു. ചടങ്ങിൽ പടന്ന ജമാഅത്ത് മെമന്റോ നൽകി ആദരിക്കുകയും കാസർകോട് കൂട്ടായ്മ ഷാൾ അണിയിക്കുകയും ചെയ്തു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുൽ റഹ്മാൻ ,ടി.കെ.സി. മുഹദലി ഹാജി, പി.എം. ഇഖ്ബാൽ, സൈനുദ്ദീൻ വി.കെ., ഈ എം മഹമൂദ്,എം.എ. ഖാലിദ്, മഷൂദ് മാണികോത്ത്, അൻസാർ സി.എം., സിദ്ദീഖ് പീ വി,ഷംനാസ് പോക്കർ,മുസ്തഫാ കുമ്പോൾ എന്നിവർ ആശംസകൾ നേർന്നു. പ്രശസ്ത ഗായകൻ നവാസ് പാലേരി ഗാനസദസ് അവതരിപ്പിച്ചു.
മറുപടി പ്രസംഗത്തിൽ, ജി.എം. ബനാത്ത് വാലയുടെ നാമത്തിൽ ആരംഭിച്ച ഹ്യൂമാനിറ്റി സെന്ററിന്റെ വർക്കിംഗ് ചെയർമാനാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് സൈനുൽ ആബിദ് പറഞ്ഞു. കാൻസർ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും താമസസൗകര്യങ്ങൾ ഉൾപ്പെടെ സമഗ്ര സഹായം നൽകുന്ന ഒരു കേന്ദ്രം മുംബൈയിൽ യാഥാർത്ഥ്യമാക്കുന്നതിനായി ശക്തമായ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസീസ് മാണിയുർ അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്ര എ ഐ കെഎംസിസി ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. സലീം അലിബാഗ് നന്ദി രേഖപ്പെടുത്തി. നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പഴയകാലത്ത്ത്തെ ബോംബെ കേരള മുസ്ലിം വെൽഫെയർ ലീഗ്’ എന്ന പേരിൽ ആരംഭിച്ച സംഘടന ഇന്ന് എ ഐ കെഎംസിസി എന്ന നിലയിൽ ഇന്ത്യയൊട്ടാകെ ശക്തമായ സാന്നിധ്യം ഉറപ്പിച്ച സാമൂഹിക പ്രസ്ഥാനമായി മാറിയിട്ടുണ്ട്. നിലവിൽ ഏകദേശം 18 സംസ്ഥാനങ്ങളിൽ സജീവ കമ്മിറ്റികളുള്ള എ ഐ കെഎംസിസി, ജീവകാരുണ്യ രംഗത്ത് മുൻനിരയിൽ പ്രവർത്തിക്കുന്ന സംഘടനയായി അറിയപ്പെടുന്നു. മുംബൈയിൽ മലയാളികൾക്ക് പ്രധാന ആശ്രയകേന്ദ്രമായി മാറിയ സംഘടന, ജാതിയോ മതമോ ഭേദമന്യേ അടിയന്തര സാഹചര്യങ്ങളിൽ സഹായവുമായി എത്തുന്നതിലൂടെ ശ്രദ്ധേയമാണ്.
പഴയകാലങ്ങളിൽ ഉപജീവനാർഥം പെർഷ്യൻ ഗൾഫ് മേഖലയിലേക്ക് പോകുന്ന മലയാളികളുടെ പ്രധാന കവാടമായിരുന്നു മുംബൈ നഗരം. ഫൗണ്ടൻ മേഖലയിലെ ചെറുകിട വ്യാപാരങ്ങളും പിന്നീട് ഗൾഫ് രാജ്യങ്ങൾ തുറന്നപ്പോൾ ദുബൈ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകളും മുംബൈ വഴിയായിരുന്നു. ഹജ്ജ് തീർത്ഥാടനത്തിനായി ബോംബെ വഴി നടത്തിയ കടൽയാത്രകളും ചരിത്രത്തിന്റെ ഭാഗമായി ഇന്നും ഓർമിക്കപ്പെടുന്നു. ആ പൈതൃകത്തിന്റെ തുടർച്ചയായി മുംബൈ കേരള മുസ്ലിം ജമാഅത്ത് ഇന്നും സജീവമായി പ്രവർത്തിച്ചുവരുന്നതായി നേതാക്കൾ പറഞ്ഞു.
അടുത്തിടെ മർഹൂം എം.പി. ജി.എം. ബനാത്ത് വാലയുടെ സ്മരണാർത്ഥം ‘"ജി.എം.ബനാത്ത് വാല സെന്റർ ഫോർ ഹ്യൂമാനിറ്റി" എന്ന പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാട്ടിൽ നിന്ന് ചികിത്സയ്ക്കായി മുംബൈയിലെത്തുന്ന കാൻസർ രോഗികൾക്ക് സഹായം നൽകുകയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. പാണക്കാട് സൈയിദു സാദിഖലി ശിഹാബ് തങ്ങളാണ് ചെയർമാൻ. ദേശീയ ഐയുഎംഎൽ വൈസ് പ്രസിഡന്റും സഫാരി മാളിന്റെ വൈസ് ചെയർമാനുമായ ജനാബ് സൈനുൽ ആബിദ് സാഹിബ് ഈ സംഘടനയുടെ വർക്കിംഗ് ചെയർമാനായി പ്രവർത്തിച്ചുവരുന്നു.


