."കൊലപാതകമാണ് എളുപ്പമെന്ന്തോന്നി"; കേതൻ വധക്കേസിൽ സിയ ഗോയലിൻ്റെ മൊഴി
മുംബൈ: പൂനെ വ്യവസായി കേതൻ അഗർവാൾ കൊലപാതക കേസിൽ പ്രതിയും വധുവുമായ സിയ ഗോയലിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ! കേതനുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറുന്നതിനെക്കുറിച്ച് വീട്ടുകാരോട് സംസാരിക്കുന്നതിനേക്കാൾ വളരെ എളുപ്പം ഇയാളെ കൊല്ലുന്നതാണെന്ന് തോന്നിയതിനാലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിയ പോലീസിനോട് സമ്മതിച്ചു. ക്രൂരമായ ഈ കൊലപാതകം തങ്ങളുടെ പ്രണയത്തിന് വേണ്ടിയായിരുന്നുവെന്നാണ് കാമുകനൊപ്പം പിടിയിലായ യുവതിയുടെ വാദം.
വരുന്ന നവംബറിൽ വലിയ ആഘോഷത്തോടെ നടക്കാനിരുന്ന വിവാഹം മുടക്കി സ്വന്തം കുടുംബത്തിൻ്റെ വികാരങ്ങളെ വ്രണപ്പെടുത്താനോ അവരെ സമൂഹത്തിൽ നാണംകെടുത്താനോ താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് സിയ ചോദ്യംചെയ്യലിൽ പോലീസിനോട് പറഞ്ഞു. കേതൻ ജീവിച്ചിരുന്നാൽ മാത്രമേ വിവാഹം നടക്കൂ എന്നതിനാലാണ് കാമുകനുമായി ചേർന്ന് ഇയാളെ ഇല്ലാതാക്കാൻ ഉറച്ചതെന്നാണ് പ്രതിയുടെ വാദം. സിയയും കാമുകനും കേസിലെ മുഖ്യസൂത്രധാരനുമായ ചേതൻ ചൗധരിയും തമ്മിൽ ഇക്കഴിഞ്ഞ ജനുവരി മുതൽ ഏകദേശം രണ്ടായിരത്തിലധികം തവണയാണ് ഫോണിൽ സംസാരിച്ചിട്ടുള്ളതെന്ന് പൂനെ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പൂനെ, ലോണാവാല പോലീസ് സംഘങ്ങൾ സംയുക്തമായി ആറ് പ്രത്യേക അന്വേഷണ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. കൊലപാതകം നടന്ന സ്ഥലത്തുനിന്നും പ്രതികൾ രക്ഷപെടാൻ ഉപയോഗിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി കാലാവധി നീട്ടി വാങ്ങുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.