"20% കുറച്ച് കൂടുതലല്ലേ, ഹോർമുസ് കടലിടുക്കിൻ്റെ യഥാർത്ഥ കാവലാൾ ഇറാനാണ്": ട്രംപിനെ പരിഹസിച്ച് അരാഗ്ചി

"20% കുറച്ച് കൂടുതലല്ലേ, ഹോർമുസ് കടലിടുക്കിൻ്റെ യഥാർത്ഥ കാവലാൾ ഇറാനാണ്": ട്രംപിനെ പരിഹസിച്ച് അരാഗ്ചി

ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം നികുതി ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാൻ. മേഖലയുടെ യഥാർത്ഥ ‘കാവലാൾ’ അമേരിക്കയല്ല, ഇറാനാണെന്ന് വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ട്രംപിനുള്ള അരാഗ്ചിയുടെ മറുപടി.ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുനീക്കത്തിന് സുരക്ഷയൊരുക്കുന്നത് ഇറാനാണെന്നും, ട്രംപ് പറഞ്ഞതുപോലെ സുരക്ഷ നൽകുന്നവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കാൻ അർഹതയുണ്ടെന്നും അരാഗ്ചി കുറിച്ചു.

“അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത് തികച്ചും ശരിയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നവർക്ക് അതിനുള്ള പ്രതിഫലം നൽകണം. എന്നും ഇറാൻ മാത്രമാണ് ഈ കടലിടുക്കിന്റെ കാവലാൾ, അത് അങ്ങനെ തന്നെ തുടരും. എന്നാൽ ട്രംപ് പറഞ്ഞ 20 ശതമാനം എന്നത് വളരെ കൂടുതലാണ്, ഇറാൻ ഈ കാര്യത്തിൽ മാന്യമായ നിരക്കേ ഈടാക്കൂ,” അരാഗ്ചി പരിഹസിച്ചു.

മേഖലയിൽ യു.എസും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങൾ വീണ്ടും പുകയുന്നതിനിടയിലാണ് പുതിയ പോര്. ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുകയാണെന്നും, സുരക്ഷാ ചെലവുകൾക്കായി ഇവിടെക്കൂടി കടന്നുപോകുന്ന ചരക്കുകൾക്ക് 20% തുക ഈടാക്കുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പ്രഖ്യാപിച്ചിരുന്നു.

https://www.worldm.news/global/taking-control-of-the-strait--32473