യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ്റെ മിസൈലാക്രമണം; ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം, ആറുപേർക്ക് പരിക്ക്

യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ്റെ മിസൈലാക്രമണം; ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം, ആറുപേർക്ക് പരിക്ക്

അബുദബി: ഒമാൻ സമുദ്രാതിർത്തിയിൽ ഹോർമുസ് കടലിടുക്കിലൂടെ കരാർ ലംഘിച്ച് സഞ്ചരിക്കുകയായിരുന്ന യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ആറ് ഇന്ത്യക്കാരും രണ്ട് യുക്രെയ്ൻ പൗരന്മാരുമടക്കം എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.

യുഎഇയുടെ ദേശീയ എണ്ണക്കപ്പലുകളായ മൊംബാസ, അൽ ബാഹിയ എന്നിവയ്ക്ക് നേരെയാണ് ഇറാൻ്റെ ക്രൂയിസ് മിസൈൽ ആക്രമണം ഉണ്ടായതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് ഹോർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് പാതയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. മൊംബാസ കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടർന്ന് രണ്ട് കപ്പലുകളിലും തീപിടിത്തമുണ്ടായെങ്കിലും പിന്നീട് നിയന്ത്രണവിധേയമാക്കി. കപ്പലുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ആക്രമണത്തെ ശക്തമായി അപലപിച്ച യുഎഇ, തങ്ങളുടെ സുരക്ഷയും ദേശീയ താത്പര്യങ്ങളും സംരക്ഷിക്കുന്നതിനായി തിരിച്ചടിക്കാൻ അവകാശമുണ്ടെന്നും വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി രാജ്യത്ത് സുരക്ഷാ മുന്നറിയിപ്പുകൾ കർശനമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഇന്ത്യക്കാരൻ്റെ കുടുംബത്തിനും ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും യുഎഇ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും ഹോർമുസ് കടലിടുക്കിനെ സാമ്പത്തിക ചൂഷണത്തിനുള്ള ഉപകരണമായി ഉപയോഗിക്കുന്നതും കടൽക്കൊള്ളയാണെന്ന് യുഎഇ ചൂണ്ടിക്കാട്ടി. ഇത് മേഖലയുടെ സ്ഥിരതയ്ക്കും ആഗോള ഊർജ സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രകോപനമില്ലാതെയുള്ള ഇത്തരം ആക്രമണങ്ങൾ ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണം. ആഗോള സമ്പദ്‌വ്യവസ്ഥയുടെയും വ്യാപാരത്തിൻ്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാകണമെന്നും യുഎഇ ആവശ്യപ്പെട്ടു.ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഹോർമുസ് കടലിടുക്ക് അടച്ചതിന് പിന്നാലെ അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത രൂക്ഷമായിരുന്നു. ഇതിന് മറുപടിയായി ഇറാനിലെ 140 കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇ കപ്പലുകൾക്ക് നേരെ ഇറാൻ്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. ലോകത്തെ എണ്ണ വിതരണത്തിൻ്റെ മൂന്നിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. അതിനാൽ തന്നെ ഈ മേഖലയിലുണ്ടാകുന്ന ചെറിയ സംഘർഷങ്ങൾ പോലും ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകും. നിലവിലെ സാഹചര്യത്തിൽ വാണിജ്യ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ കൂടുതൽ രാജ്യങ്ങൾ നാവികസേനയെ വിന്യസിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, ഇറാൻ തുറമുഖങ്ങളിലേക്കും പുറത്തേക്കുമുള്ള നാവിക ഉപരോധം ചൊവ്വാഴ്ച വൈകുന്നേരം മുതൽ പുനരാരംഭിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം ഇറാനെയും അവരുമായി വ്യാപാരം നടത്തുന്നവരെയും മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഈ പാതയിലൂടെ സഞ്ചരിക്കാൻ തടസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ ഒപ്പുവച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.