ഇന്ത്യയുടെ യുഎൻ‌എസ്‌സി കാമ്പെയ്‌ന് ഡോ.എസ്. ജയശങ്കർ തുടക്കം കുറിച്ചു

ഇന്ത്യയുടെ യുഎൻ‌എസ്‌സി കാമ്പെയ്‌ന് ഡോ.എസ്.  ജയശങ്കർ തുടക്കം കുറിച്ചു

ന്യൂയോർക്ക്: ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ (യുഎൻഎസ്‌സി) 2028-29 കാലയളവിലേക്കുള്ള സ്ഥിരാംഗമല്ലാത്ത സീറ്റിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കമായി. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ഇതിന് മുന്നോടിയായി അദ്ദേഹം യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.

യുഎൻ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യ, യുക്രെയ്ൻ, സുഡാൻ തുടങ്ങിയ മേഖലകളിലെ പ്രതിസന്ധികളും ആഗോള വിഷയങ്ങളും ചർച്ചയായതായി എസ് ജയശങ്കർ എക്സിൽ കുറിച്ചു. ഇന്ത്യയും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള ശക്തമായ സഹകരണവും ഇരുവരും വിലയിരുത്തി. ലോകം വലിയ സംഘർഷങ്ങളിലൂടെയും അസ്ഥിരതയിലൂടെയും കടന്നുപോകുന്ന സാഹചര്യത്തിലാണ് രക്ഷാസമിതിയിലേക്ക് ഇന്ത്യ മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള വെല്ലുവിളികൾ നേരിടുന്നതിൽ ഇന്ത്യയുടെ കാഴ്ചപ്പാടും അന്താരാഷ്ട്ര സമാധാനത്തിന് നൽകിയ ചരിത്രപരമായ സംഭാവനകളും അംഗരാജ്യങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഎൻ സമാധാന സേനയ്ക്ക് ഇന്ത്യ നൽകുന്ന വലിയ സംഭാവനകളും ജയശങ്കർ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ തുടക്കം മുതൽ ഇതുവരെ 50 സമാധാന ദൗത്യങ്ങളിലായി മൂന്ന് ലക്ഷത്തോളം സൈനികരെയാണ് ഇന്ത്യ വിന്യസിച്ചത്. നിലവിൽ 10 സമാധാന ദൗത്യങ്ങളിലായി 4,300 ഇന്ത്യൻ സൈനികർ സേവനമനുഷ്ഠിക്കുന്നുണ്ട്. മികച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സമാധാന ദൗത്യങ്ങൾക്കായി ഇന്ത്യ തുടർന്നും വാദിക്കുമെന്നും, 'സ്ത്രീകൾ, സമാധാനം, സുരക്ഷ' എന്ന അജണ്ടയ്ക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ, 79 രാജ്യങ്ങളിൽ ഇന്ത്യയുടെ ധനസഹായത്തോടെ വികസന പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള സംഘർഷങ്ങൾക്കിടയിലും സംഭാഷണങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നപരിഹാരം കാണാനാണ് ഇന്ത്യ എക്കാലവും ശ്രമിച്ചിട്ടുള്ളത്.

രക്ഷാസമിതിയിൽ ഇന്ത്യയുടെ സാന്നിധ്യം ആഗോള താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയ കൂടുതൽ ശക്തമാക്കുന്നതിനും സഹായിക്കുമെന്ന് ജയശങ്കർ പറഞ്ഞു. 15 അംഗ രക്ഷാസമിതിയിൽ അഞ്ച് സ്ഥിരാംഗങ്ങളും 10 സ്ഥിരാംഗമല്ലാത്തവരുമാണുള്ളത്. ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, അമേരിക്ക എന്നിവരാണ് സ്ഥിരാംഗങ്ങൾ. 193 അംഗ യുഎൻ പൊതുസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് സ്ഥിരാംഗമല്ലാത്തവരെ തെരഞ്ഞെടുക്കുന്നത്. ഇതിന് മുൻപ് എട്ട് തവണ ഇന്ത്യ ഈ പദവി വഹിച്ചിട്ടുണ്ട്. 1950-51, 1967-68, 1972-73, 1977-78, 1984-85, 1991-92, 2011-12, ഒടുവിൽ 2021-22 കാലയളവിലായിരുന്നു ഇത്.2028-29 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം ജൂണിലാണ് നടക്കുക. ഏഷ്യ-പസഫിക് ഗ്രൂപ്പിലെ ഏക സീറ്റിലേക്ക് ഇന്ത്യയും താജിക്കിസ്ഥാനുമാണ് മത്സരിക്കുന്നത്. വികസ്വര രാജ്യങ്ങളുടെ ശബ്ദമായി മാറാനും ആഗോള തീരുമാനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗമെന്ന നിലയിൽ, യുഎൻ ചാർട്ടറിലെ തത്ത്വങ്ങളെ ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. സമകാലിക ആഗോള യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്നതിനായി യുഎൻ രക്ഷാസമിതിയിൽ സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. യുഎൻ പരിപാടികൾക്ക് ശേഷം, ജൂലൈ 14, 15 തീയതികളിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-ഇയു ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം ബ്രസൽസിലേക്ക് തിരിക്കും.