ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ സിറിയ സന്ദർശന വേളയിൽ ഇരട്ട സ്ഫോടനം; 18 പേർക്ക് പരിക്ക്

ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ സിറിയ സന്ദർശന വേളയിൽ ഇരട്ട സ്ഫോടനം;  18 പേർക്ക് പരിക്ക്

ഡമാസ്‌കസ്: ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ സിറിയ സന്ദർശന വേളയിൽ ഡമാസ്‌കസിൽ വൻ സ്ഫോടനം. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ 18 പേർക്ക് പരിക്കേറ്റതായി സിറിയൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇമ്മാനുവൽ മാക്രോൺ താമസിച്ചിരുന്ന ഫോർ സീസൺസ് ഹോട്ടലിന് സമീപമാണ് സംഭവം. സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ-ഷറയെ കാണാൻ ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പാലസിലേയ്‌ക്ക് പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് സ്‌ഫോടനങ്ങൾ നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇമ്മാനുവൽ മാക്രോൺ സുരക്ഷിതനാണെന്നും അഹമ്മദ് അൽ-ഷറയുമായുള്ള കൂടിക്കാഴ്‌ച നടക്കുമെന്നും ഫ്രാൻസ് പ്രസിഡൻ്റിൻ്റെ ഓഫിസ് അറിയിച്ചു. ബോംബുകളിലൊന്ന് മാലിന്യക്കൂമ്പാരത്തിലും മറ്റൊന്ന് ഹോട്ടലിന് സമീപത്തെ വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലുമായിരുന്നുവെന്ന് സ്ഫോടനത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. സ്ഥലത്ത് ഏറെ നേരം വലിയ പുകപടലങ്ങൾ ദൃശ്യമായിരുന്നു.സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളിൽ ഒരു വാനും മോട്ടോർ സൈക്കിളും തീപിടിച്ചതായും റോഡിന് സമീപം രക്തക്കറകളും കാണാം. സംഭവത്തിൽ മരണമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. ആക്രമണം നടന്ന സ്ഥലത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ടൂറിസം മന്ത്രാലയവും ഡമാസ്‌കസ് നാഷണൽ മ്യൂസിയ ആസ്ഥാനവും സംഭവ സ്ഥലത്തിന് സമീപമാണ് സ്ഥിതിചെയ്യുന്നത്.ഡമാസ്‌കസിലെ ജസ്റ്റിസ് പാലസിനടുത്തുള്ള ഒരു കഫേയിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച് 10 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സമാന സംഭവം. യൂറോപ്യൻ യൂണിയനിലെ ഒരു ഭരണത്തലവൻ സിറിയയിൽ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് പോകുന്നതിന് മുമ്പാണ് അദ്ദേഹത്തിൻ്റെ സിറിയ സന്ദർശനം.