ജനിച്ച് 40 മിനിറ്റിനുള്ളിൽ നവജാതശിശുവിന് ഹൃദയ ശസ്ത്രക്രിയ!

ജനിച്ച്  40 മിനിറ്റിനുള്ളിൽ നവജാതശിശുവിന് ഹൃദയ ശസ്ത്രക്രിയ!

ന്യൂഡൽഹി: ജനിച്ച് വെറും 40 മിനിറ്റിനുള്ളിൽ നവജാതശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി ഡോക്‌ടർമാർ. ന്യൂഡൽഹിയിലെ ഓഖ്‌ലയിലുള്ള ഫോർട്ടിസ് എസ്‌കോർട്ട്സ് ആശുപത്രിയിലാണ് സങ്കീർണ്ണമായ ശസ്ത്രക്രിയ നടന്നത്. ഇതുവരെ നേരിട്ടതിൽ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ശസ്‌ത്രക്രിയകളിൽ ഒന്നായിരുന്നു ഇതെന്നാണ് ഡോക്‌ടർമാർ വ്യക്തമാക്കുന്നത്.

ഗർഭാവസ്ഥയുടെ 30-ാം ആഴ്‌ചയിൽ നടത്തിയ അൾട്രാസൗണ്ട് സ്‌കാനിങ്ങിനിടെയാണ് ശിശുവിൻ്റെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയത്. ശിശുവിൻ്റെ ഹൃദയ വാൽവ് അപകടകരമായ തരത്തിൽ ഇടുങ്ങിയതാണെന്ന് സ്‌കാനിങ്ങിൽ വ്യക്തമാവുകയായിരുന്നു.പരിശോധനകളിൽ കുഞ്ഞിൻ്റെ ജീവന് തന്നെ ഗുരുതര ഭീഷണി ഉയർത്തുന്ന തരത്തിൽ ദുർബലമായ ഹൃദയ പേശികളും ഹൃദയത്തിന് ചുറ്റും ദ്രാവകം അടിഞ്ഞുകൂടുന്നതും കണ്ടെത്തി. കുഞ്ഞിൻ്റെ രോഗാവസ്ഥയുടെ തീവ്രത കണക്കിലെടുത്ത് ഫോർട്ടിസ് എസ്‌കോർട്ട്സ് ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി സംഘം മുൻകൂട്ടി വിശദമായ ഒരു ചികിത്സാ പദ്ധതി തയ്യാറാക്കുകയും കുഞ്ഞിൻ്റെ ജനനത്തിനു തൊട്ടുപിന്നാലെ ചികിത്സ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്‌തിരുന്നു.ജനനസമയത്ത് ഗൈനക്കോളജിസ്റ്റുകൾ, പീഡിയാട്രിക് കാർഡിയോളജിസ്റ്റുകൾ, നിയോനാറ്റോളജിസ്റ്റുകൾ, അനസ്തെറ്റിസ്റ്റുകൾ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ, ആംബുലൻസ് ജീവനക്കാർ എന്നിവരടങ്ങുന്ന ഒരു പൂർണ മെഡിക്കൽ സംഘം തന്നെ ഉണ്ടായിരുന്നു. കുഞ്ഞ് ജനിച്ച് ഏകദേശം 15 മിനിറ്റിനുശേഷം, ഡോക്‌ടർമാർ ട്യൂബുകൾ ഉപയോഗിച്ച് കുഞ്ഞിനെ സ്ഥിരപ്പെടുത്തുകയും ശ്രദ്ധയോടുകൂടി ചികിത്സ ആരംഭിക്കുകയും ചെയ്‌തു. നൂതന അൾട്രാസൗണ്ട്-ഗൈഡഡ് വാസ്‌കുലർ ആക്‌സസ് സാങ്കേതികവിദ്യ ഇതിനായി ഉപയോഗിച്ചു.ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിൻ്റെ അയോർട്ടിക് വാൽവ് ശരിയായി തുറന്നു. തുടർന്ന് ക്രമേണ ഹൃദയം സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങി വന്നു. അകാല ശിശുവിൻ്റെ ഭാരം വർധിപ്പിക്കാനും സുഖം പ്രാപിക്കാനുമായി നവജാത ശിശു നഴ്‌സറി ജീവനക്കാർ പ്രത്യേക പരിചരണം കുഞ്ഞിന് നൽകിയിരുന്നു.വിവിധ വകുപ്പുകൾ തമ്മിലുള്ള അടുത്ത ഏകോപനവും നിരന്തരമായ നിരീക്ഷണവും കുഞ്ഞിൻ്റെ അവസ്ഥ മെച്ചപ്പെടാൻ കാരണമായി. നവജാത ശിശുവിൻ്റെ ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് അമ്മയും കുഞ്ഞും ആശുപത്രി വിടുകയും ചെയ്‌തു.