ഹാജർ രജിസ്റ്ററിനെ ചൊല്ലി തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി -യുഡിഎഫ് സംഘർഷം

ഹാജർ രജിസ്റ്ററിനെ ചൊല്ലി തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി -യുഡിഎഫ് സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ  കയ്യാങ്കളി. യോഗത്തിൽ അജണ്ടകൾ പാസാക്കി പിരിഞ്ഞതിന് പിന്നാലെയാണ് ഹാളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു.

തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ കൗൺസിലർ അയോഗ്യനാകും. ആർ. സുഗതൻ ജയിലിലായതിനാൽ ഇന്നത്തെ യോഗത്തിലും ഹാജരാകാൻ സാധിച്ചിട്ടില്ല. ഹാജർ രജിസ്റ്ററിൽ ഒപ്പിടാൻ സാധിക്കാത്ത സാഹചര്യം ഒഴിവാക്കാൻ ബിജെപി അംഗങ്ങൾ ശ്രമിച്ചതും, ഇത് തടയാൻ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചതുമാണ് സംഘർഷത്തിന് തുടക്കമിട്ടത്. രജിസ്റ്റർ പിടിച്ചെടുക്കാനും കീറാനും ശ്രമമുണ്ടായതോടെ ഹാൾ അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി.

ബിജെപി കൗൺസിലറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. യോഗത്തിനിടെ വനിതാ കൗൺസിലർമാരെ ഉദയൻ കയ്യേറ്റം ചെയ്തെന്നും മിനിറ്റ്സ് ബുക്ക് പിടിച്ചെടുക്കാൻ ശ്രമിച്ചെന്നുമാണ് യുഡിഎഫിന്റെ പരാതി. കോർപ്പറേഷൻ പരിസരത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.