പിണറായി വിജയൻ്റെ വിമാന യാത്ര മുടങ്ങിയതിൽ പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം:പിണറായി വിജയൻ്റെ ഡൽഹിയിൽ നിന്നുള്ള യാത്രാ തടസ്സവുമായി ബന്ധപ്പെട്ട് ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയിട്ടും കോഴിക്കോട്ടേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി.യാത്ര സംബന്ധിച്ച വിവരം വിമാന കമ്പനി അധികൃതർക്ക് ഇമെയിൽ വഴി അറിയിച്ചിരുന്നതായും, വിമാനത്താവളത്തിൽ എത്തിയശേഷം നേരിട്ടും അറിയിച്ചിരുന്നതായും പ്രോട്ടോക്കോൾ ഓഫീസർ നൽകിയ വിശദീകരണത്തിൽ പറയുന്നു. എന്നാൽ, തങ്ങൾക്ക് ഇമെയിൽ ലഭിച്ചിട്ടില്ലെന്ന നിലപാടാണ് വിമാന കമ്പനി അധികൃതർ സ്വീകരിച്ചത്. ഈ വീഴ്ചയെത്തുടർന്ന് പ്രതിപക്ഷ നേതാവിന് വിമാനത്താവളത്തിൽ ഏറെ നേരം കാത്തിരിക്കേണ്ടി വന്നിരുന്നു.കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം നേരത്തെ തന്നെ ബന്ധപ്പെട്ട ജീവനക്കാരുടെ യോഗം വിളിച്ച് രേഖാമൂലം വിശദീകരണം തേടിയിരുന്നു. പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ ഗൗരവമായി കാണുന്നതായും അച്ചടക്ക നടപടികൾ തുടരുമെന്നും എ.ആർ.സി അശ്വതി ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു.