കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി: കോൺഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി, രാഹുലിന് ഇനി കീഴടങ്ങേണ്ടിവരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിന് വന്‍ തിരിച്ചടി. രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി തള്ളി. ജസ്റ്റിസ് നസീറ. എസ്. ആണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ, ഒളിവില്‍ കഴിയുന്ന രാഹുലിന് പൊലീസിനു പിടികൊടുക്കുകയോ കോടതിയില്‍ കീഴടങ്ങുകയോ ചെയ്യേണ്ടി വരും. അറസ്റ്റ് തടയണമെന്ന രാഹുലിന്‍റെ ഹര്‍ജിയും തള്ളി.ഇന്നലെ രാഹുലിൻ്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ അതിശക്തമായി എതിര്‍ത്തിരുന്നു. ഒന്നിലധികം പീഡനപരാതികള്‍ രാഹുലിനെതിരെയുണ്ടെന്നും പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ ഇരകളെയും സാക്ഷികളെയും സ്വാധീനിക്കാന്‍ വലിയ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.എന്നാല്‍ ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്നിവ തെളിയിക്കാനുള്ള ചില ഡിജിറ്റല്‍ രേഖകള്‍ ഇന്നലെ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല.തുടര്‍ന്ന് കേസില്‍ ഇന്നും വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുകയാിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ് രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇന്നും അടച്ചിട്ട കോടതിയില്‍ പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം കോടതി കേട്ടിരുന്നു. ശേഷം ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് കോടതി വിധി പറഞ്ഞത്.
രാഹുലിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി കോൺഗ്രസ്സ്
അതേസമയം, വിധി വന്ന അതേനിമിഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി പാര്‍ട്ടി പത്രക്കുറിപ്പിറക്കി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.ബലാത്സംഗം സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ എട്ടു ദിവസമായി രാഹുല്‍ ഒളിവില്‍ കഴിയുകയാണ്. ഇതിനിടെയാണ് മറ്റൊരു യുവതി കൂടി എംഎല്‍എയ്‌ക്കെതിരെ പരാതിയുമായി കെപിസിസിയെ സമീപിച്ചത്. യുവതിയില്‍ നിന്നും കെപിസിസിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. യുവതിയോട് നേരിട്ട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് ശേഷമാകും കേസെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം.അതേസമയം, പാലക്കാട് നിന്നും ഒളിവില്‍ പോയ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനായി കര്‍ണാടകയില്‍ തെരച്ചില്‍ തുടരുകയാണ് പൊലീസ്. രാഹുല്‍ കര്‍ണാടകയിലേക്ക് കടന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ബെംഗളൂരൂവില്‍ രാത്രിയിലും തെരച്ചില്‍ ശക്തമാക്കി പൊലീസ്. നേരത്തെ രാഹുല്‍ പാലക്കാട് തന്നെയാണ് ഒളിവില്‍ കഴിയുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. അതിന് മുമ്പ് തമിഴ്‌നാട്ടിലേക്ക് കടന്നെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
താൻ ശബരിമല സ്വർണ്ണപ്പാളി വിഷയത്തിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായ കേസാണിതെന്നും, സി.പി.എം.- ബി.ജെ.പി. രാഷ്ട്രീയ ബന്ധത്തിന്‍റെ ഫലമായാണ് ഈ പരാതി ഉയർന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. പരാതിക്കാരി (അതിജീവിത) ഒരു ബി.ജെ.പി. അനുകൂല ചാനലിലെ റിപ്പോർട്ടറാണ്, അവരുടെ ഭർത്താവ് പാലക്കാട്ടെ യുവമോർച്ച പ്രവർത്തകനാണ് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.അതിജീവിതയുമായി തനിക്ക് അടുപ്പമുള്ള ബന്ധം ഉണ്ടായിരുന്നുവെന്ന് രാഹുൽ സമ്മതിക്കുന്നുണ്ട്. ഭർത്താവ് തന്നെ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന് യുവതി പറഞ്ഞ സംഭാഷണങ്ങളിലൂടെയാണ് താൻ ഫേസ്ബുക്കിൽ അവരുമായി പരിചയപ്പെട്ടതെന്നും, അതിനുശേഷം ഇരുവരും അടുത്ത ബന്ധം തുടർന്നു എന്നും ഹർജിയിൽ വിശദീകരിച്ചിരുന്നു.എന്നാൽ, ഈ ബന്ധത്തിൽ പരാതിക്കാരിയെ ഗർഭിണിയാക്കിയിട്ടില്ല എന്നും ആ വിവരത്തെക്കുറിച്ച് തനിക്ക് അറിവില്ല എന്നും രാഹുൽ വ്യക്തമാക്കുന്നു. കൂടാതെ, ഗർഭിണിയാക്കാൻ ഗുളിക നൽകി എന്നതടക്കമുള്ള ആരോപണങ്ങൾ രാഹുൽ പൂർണ്ണമായി നിഷേധിക്കുന്നു. ഈ നിഷേധങ്ങൾക്കുമേലാണ് രാഷ്ട്രീയപരമായ പകപോക്കൽ ആരംഭിക്കുന്നതെന്നും ഹർജിയിൽ ശക്തമായി വാദിച്ചിരുന്നു. ആരംഭിക്കുന്നതെന്നും ഹർജിയിൽ ശക്തമായി വാദിക്കുന്നുണ്ട്. കൂടാതെ, വിവാഹിതയായി ഭര്‍ത്താവിനൊപ്പം കഴിയുന്ന യുവതിയുടെ ഗര്‍ഭത്തിന്‍റെ ഉത്തരവാദിത്വം ഭര്‍ത്താവിനാണെന്നും രാഹുല്‍ ഹര്‍ജിയില്‍ ആരോപിച്ചു.
രാഹുലിന്‍റെ എംഎൽഎ സ്ഥാനം തുലാസിൽ, ഇനി പോലീസ് തീരുമാനിക്കും
സ്വന്തം പാർട്ടി നേതാവിനെതിരായ കോടതി വിധിയിൽ കോൺഗ്രസ് നേതാക്കളും അണികളും ഇത്രയധികം സന്തോഷിച്ച സംഭവം അത്യപൂർവമായിരിക്കും. അത്രയധികം ആശ്വാസമാണ് തെരഞ്ഞെടുപ്പിന്‍റെ മൂർധന്യത്തിൽ നിൽക്കുന്ന കോൺഗ്രസിന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി സമ്മാനിച്ചിരിക്കുന്നത്.രാഹുൽ മാങ്കൂട്ടത്തിലിനെയോ അദ്ദേഹത്തിന്‍റെ പ്രവൃത്തികളെയോ ന്യായീകരിക്കേണ്ട ബാധ്യത സാങ്കേതികമായി ഈ നിമിഷം മുതൽ കോൺഗ്രസിന്‍റെ ചുമലിൽ നിന്ന് മാറുകയണെന്ന് അർഥശങ്കയ്ക്കിടയില്ലാതെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ വ്യക്തമാക്കി കഴിഞ്ഞു. ആ അധ്യായം അടഞ്ഞു എന്ന മുരളീധരന്റെ വാക്കുകളിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാണ്.
മറ്റ് നേതാക്കളും ഇക്കാര്യം ആവർത്തിച്ചതോടെ രാഹുലിന്റെ കാര്യത്തിൽ പാർട്ടി നേതൃത്വം ഒറ്റക്കെട്ടെന്നതു വ്യക്തമാണ്. രാഹുലിനെ എന്തു ചെയ്യണമെന്ന് ഇന്നലെ തന്നെ പാര്‍ട്ടി തീരുമാനിച്ചുറപ്പിച്ചിരുന്നതു തന്നെ.കോടതി വിധി വൈകിയതിനാൽ രാഹുലിന് ഒരു ദിവസം കൂടി പാർട്ടിയിൽ ആയുസ് നീട്ടിക്കിട്ടിയെന്നു മാത്രം. ഇനി ശ്രദ്ധ രാഹുലിന്‍റെ അറസ്റ്റിലും എം എൽ എ സ്ഥാനം ഒഴിയുന്നതിലുമാണെങ്കിലും ഇക്കാര്യത്തിൽ മറുപടി പറയേണ്ട ബാധ്യത കോൺഗ്രസ് നേതൃത്വത്തിനില്ല. അറസ്റ്റ് വൈകുന്നതിന് മറുപടി പറയേണ്ടത് ഇനി പൊലീസും സർക്കാരും സിപിഎമ്മുമാണ്.എം എൽ എ സ്ഥാനമൊഴിയണമെന്ന് കോൺഗ്രസ് ഒന്നടങ്കം ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇക്കാര്യത്തിലും കോൺഗ്രസ് നിലപാട് സുവ്യക്തമാണ്. മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനില്ലാത്ത മാതൃകാപരമായ നടപടിയായി കോൺഗ്രസിന് ഈ നടപടി ഉയർത്തിപ്പിടിക്കുകയും ചെയ്യാം.ഏറെ നാളായി കോൺഗ്രസിനെ ചൂഴ്ന്നു നിന്ന ഗ്രഹണം ഇല്ലാതായി. എങ്കിലും തെരഞ്ഞെടുപ്പ് കഴിയും വരെ വിഷയം സജീവമാക്കി നിലനിർത്താൻ തന്നെയായിരിക്കും സി പി എം ശ്രമം. അത് എത്രകണ്ട് ഫലപ്രദമായെന്നറിയാൻ ഡിസംബർ 13 വരെ കാത്തിരിക്കേണ്ടി വരും. എങ്കിലും രാഹുൽ വിഷയം കോൺഗ്രസിനു നേരെ ഉയർത്തുന്ന പ്രസക്തമായ ചില ചോദ്യങ്ങൾക്കു നേരെ കണ്ണടയ്ക്കാൻ നേതൃത്വത്തിനു കഴിയില്ല.ഡോ.പി സരിനെ പോലുള്ള ഒരാളെ നഷ്ടപ്പെടുത്തി പത്തനംതിട്ടയിൽ നിന്നുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെത്തിക്കുന്ന തരത്തിൽ പാർട്ടി നേതൃത്വത്തെ ഒന്നാകെ ഹൈജാക്ക് ചെയ്യുന്ന നില എങ്ങനെയുണ്ടായി എന്ന ചോദ്യം പ്രസക്തമാണ്. രാഹുലിന്‍റെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പദത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഇപ്പോഴും സംശയ നിഴലിലാണ്.
മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി മികച്ച ഒരു യുവനിര എന്നു മേനിനടിക്കുമ്പോൾ ഇവർക്ക് ചില നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതും പ്രസക്തമാക്കുകയാണ്. ഇവിടെയാണ് കെ. മുരളീധരൻ പ്രയോഗിച്ച മതിലുചാട്ടം എന്ന പദം കോൺഗ്രസിന്‍റെ യുവ നേതൃത്വം ഗൗരവത്തിലെടുക്കേണ്ടി വരുന്നത്.