കള്ളാടി മണ്ണിടിച്ചാൽ ദുരന്തം: തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക്

വയനാട്: കള്ളാടിയിലുണ്ടായ അതിദാരുണമായ മണ്ണിടിച്ചിലിൽ കാണാതായ അഞ്ച് അതിഥി തൊഴിലാളികൾക്കായുള്ള തെരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. പ്രതികൂല കാലാവസ്ഥയും കനത്ത മഴയും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതാ നിർമാണം നടത്തുന്ന ദിലീപ് ബിൽഡ്കോൺ എന്ന കരാർ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അപ്രതീക്ഷിതമായി പെയ്യുന്ന മഴ തെരച്ചിലിനെ വലിയ രീതിയിൽ മന്ദഗതിയിലാക്കുന്നുണ്ട്. ദുരന്തഭൂമിയെ നാല് സോണുകളായി തിരിച്ചാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ്, വനംവകുപ്പ്, സിവിൽ ഡിഫൻസ് തുടങ്ങിയ സേനാവിഭാഗങ്ങൾ സംയുക്തമായാണ് അതിശ്രമകരമായ ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
കുന്നുകൂടിക്കിടക്കുന്ന മണ്ണ് യന്ത്രങ്ങൾ ഉപയോഗിച്ച് മാറ്റിയാണ് പരിശോധന. ഇതിനായി മണ്ണുമാന്തി യന്ത്രങ്ങളും പരിശീലനം ലഭിച്ച കടാവർ നായ്ക്കളെയും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നായ്ക്കൾ മണം പിടിക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആഴത്തിൽ കുഴിച്ചാണ് തെരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹങ്ങൾ ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. ഹിമാചൽ പ്രദേശ് സ്വദേശികൾ ഉൾപ്പെടെയുള്ള അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. എഞ്ചിനീയർമാർ ഉൾപ്പെടെയുള്ളവരാണ് ഈ സംഘത്തിലുള്ളത്.
കഴിഞ്ഞ ദിവസം രാത്രി പുഴയിൽ കുടുങ്ങിക്കിടക്കുന്ന ബസ് ഉയർത്താൻ ശ്രമം നടന്നെങ്കിലും പൂർത്തിയാക്കാനായില്ല. പുഴയിലെ ശക്തമായ ഒഴുക്കാണ് ഇതിന് പ്രധാന തടസമായത്. ബസ് ഉയർത്തുന്നതിനിടെ വെള്ളം കുതിച്ചെത്തി ഡാം എഫക്ട് ഉണ്ടാകാനും, അതുവഴി വലിയ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന ആശങ്കയെ തുടർന്നാണ് രാത്രി തന്നെ ബസ് മാറ്റാൻ നിർദേശം നൽകിയത്. പാലത്തിന് ബലക്ഷയം സംഭവിക്കാനുള്ള സാധ്യതയും അധികൃതർ വിലയിരുത്തുന്നുണ്ട്.
വിദഗ്ധ സമിതിയെ നിയോഗിച്ചു
അതിനിടെ, കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ രണ്ടംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. തുരങ്ക നിർമാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചത് എങ്ങനെയെന്നും, കേന്ദ്ര സർക്കാർ നൽകിയ അനുമതിയിലെ കർശന വ്യവസ്ഥകൾ കരാർ കമ്പനി പാലിച്ചിട്ടുണ്ടോ എന്നും സമിതി വിശദമായി പരിശോധിക്കും. അന്വേഷണം പൂർത്തിയാകുന്നത് വരെ കള്ളാടി, ആനക്കാംപൊയിൽ എന്നിവിടങ്ങളിലെ തുരങ്കപാതാ നിർമാണം ഇരുവശങ്ങളിലും താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ദുരന്തത്തിൻ്റെ ഉത്തരവാദിത്തം സംബന്ധിച്ച് വലിയ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.
ദുരന്തബാധിത പ്രദേശം പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇന്ന് സന്ദർശിക്കും. രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഇവർ ദുരന്തത്തിൻ്റെ വ്യാപ്തി നേരിട്ട് മനസിലാക്കും. എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ പ്രധാന പദ്ധതികളിലൊന്നായ തുരങ്കപാതാ നിർമാണ മേഖലയിലാണ് അപകടമുണ്ടായത് എന്നതിനാൽ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്.