‘സംഘടിത ആക്രമണമെന്ന് പറയാനാകുമോ? ആർക്കാണ് ഗുരുതര പരിക്കേറ്റത്?’: സർക്കാരിനെതിരെ ഹൈക്കോടതി

 ‘സംഘടിത ആക്രമണമെന്ന് പറയാനാകുമോ? ആർക്കാണ് ഗുരുതര പരിക്കേറ്റത്?’:  സർക്കാരിനെതിരെ ഹൈക്കോടതി

എറണാകുളം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദിവസങ്ങളോളം പ്രതി റിമാൻഡിൽ ആയിരുന്നിട്ടും എന്തുകൊണ്ട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തില്ലെന്ന് കോടതി ചോദിച്ചു.

പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ആവശ്യം വിശദമായ വാദം കേൾക്കാതെ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ആക്രമണത്തിൽ ആർക്കാണ് ഗുരുതരമായി പരിക്കേറ്റതെന്നും, അവരുടെ ചികിത്സാ രേഖകൾ എവിടെയാണെന്നും കോടതി ആരാഞ്ഞു .

നടന്നത് സംഘടിത ആക്രമണമാണെന്നും ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, ഇത് സംഘടിത ആക്രമണമെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് കോടതി ചോദിച്ചു. മുൻ പബ്ലിക് പ്രോസിക്യൂട്ടർ ടി ഗീനാകുമാരിയെ എതിർകക്ഷിയാക്കിയാണ് സർക്കാർ അപ്പീൽ നൽകിയത്. ഹർജികൾ പരിഗണിക്കുന്നത് അടുത്ത മാസം 13-ലേക്ക് മാറ്റി.