ജുവിൻ രാജുവിൻ്റെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവനേകും

തൃശൂർ: വാഹനമിടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കൗമാരക്കാരന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തൃശൂർ ആളൂർ സ്വദേശി ജുവിൻ രാജു (16) ആണ് മരണപ്പെട്ടത്. ഈ മാസം 15-നായിരുന്നു ആളൂർ കദളിച്ചിറയിൽ വെച്ച് ജുവിനും ബന്ധുവും സഞ്ചരിച്ച വാഹനത്തിൽ പോലീസ് വാഹനം ഇടിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജുവിൻ ആലുവ രാജഗിരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.തങ്ങളുടെ പ്രിയപ്പെട്ടവന്റെ വിയോഗത്തിന്റെ കടുത്ത വേദനയിലും മറ്റുള്ളവർക്ക് ജീവൻ നൽകാനായി ജുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ മാതൃകാപരമായ തീരുമാനമെടുത്തു. ജുവിന്റെ ഹൃദയം, കരൾ, രണ്ട് വൃക്കകൾ, കോർണിയ (കണ്ണുകൾ) എന്നിവ ദാനം ചെയ്യാനാണ് കുടുംബം ഔദ്യോഗികമായി അനുമതി നൽകിയിരിക്കുന്നത്. ഇതോടെ ജുവിൻ രാജുവിന്റെ അവയവങ്ങൾ ഇനി അഞ്ച് പേർക്കാണ് ഈ ലോകത്ത് പുതുജീവനേകുക.
സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി അവയവങ്ങൾ മാറ്റിവെക്കാനുള്ള നടപടികൾ ആശുപത്രി അധികൃതർ അതിവേഗം പൂർത്തിയാക്കി. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 22 വയസ്സുകാരനായ യുവാവിനാണ് ജുവിന്റെ ഹൃദയം നൽകുന്നത്. കരൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ ഗുരുതരാവസ്ഥയിലുള്ള രോഗിക്കും കൈമാറും. ഒരു വൃക്ക ലിസി ആശുപത്രിയിലെ രോഗിക്കും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗിക്കുമാണ് നൽകുക. കാഴ്ചയില്ലാത്തവർക്ക് വെളിച്ചമേകാനായി കോർണിയ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഐ ബാങ്കിലേക്കും മാറ്റും. അപകടത്തിൽ ആളൂർ പോലീസ് ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തിട്ടുണ്ട്.