തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ട് ചെയ്തത് 71 ലക്ഷം പേർ, എല്ലാ ജില്ലകളിലും 50% കടന്നു

തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ട് ചെയ്തത് 71 ലക്ഷം പേർ, എല്ലാ ജില്ലകളിലും 50% കടന്നു

തിരുവനന്തപുരം: കേരളത്തിൽ  തദ്ദേശ തെരഞ്ഞെടുപ്പ്  വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഏഴ് ജില്ലകളിലായി ശരാശരി 53.82 ശതമാനം പോളിങ് രേഖപ്പെടുത്തിയതോടെ തെരഞ്ഞെടുപ്പ് ആവേശം ഉച്ചസ്ഥായിയിലെത്തി. ദിലീപ് വിഷയത്തിൽ അടൂർ പ്രകാശ് നടത്തിയ പ്രസ്താവനയ്ക്കെതിരെ നേതാക്കൾ രംഗത്തുവന്നതോടെ വലിയ രാഷ്ട്രീയപ്പോരിനാണ് കളമൊരുങ്ങിയത്. എന്നാൽ ഈ വിവാദങ്ങൾക്കിടയിലും സമ്മതിദാന അവകാശം വിനിയോഗിക്കാൻ വോട്ടർമാർ ആവേശത്തോടെ എത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഏഴ് ജില്ലകളിലായി ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 71,54,303 കടന്നു. 71.5 ലക്ഷത്തിലധികം വോട്ടർമാരാണ് ഇതിനകം ബൂത്തുകളിലെത്തിയത്. ഏറ്റവും പിന്നിലായിരുന്ന തിരുവനന്തപുരം ഉൾപ്പെടെ എല്ലാ ജില്ലകളും 50 ശതമാനം പോളിങ് കടന്നു എന്നതാണ് ഈ ഘട്ടത്തിലെ സുപ്രധാന നേട്ടം.

എറണാകുളം മുന്നിൽ

പോളിങ് ശതമാനത്തിൽ എറണാകുളം ജില്ലയാണ് മുന്നിട്ട് നിൽക്കുന്നത്. 57 ശതമാനം കടന്ന ഏക ജില്ലയും എറണാകുളമാണ്. 15,21,153 വോട്ടുകൾ രേഖപ്പെടുത്തിയ ഇവിടെ 57.02 ശതമാനം പോളിങ് രേഖപ്പെടുത്തി. ആലപ്പുഴ ജില്ല 56.41 ശതമാനവുമായി ശക്തമായ രണ്ടാം സ്ഥാനം നിലനിർത്തുന്നു. 10,16,855 പേരാണ് ആലപ്പുഴയിൽ വോട്ട് ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്കുകൾ

കോട്ടയം ജില്ലയിൽ 8,89,244 വോട്ടുകൾ രേഖപ്പെടുത്തി 54.18 ശതമാനം പോളിങ് കൈവരിച്ചു. കൊല്ലം ജില്ലയിൽ 12,26,219 വോട്ടുകളുമായി 53.99 ശതമാനം പേർ വോട്ട് ചെയ്തു. ഇടുക്കിയിൽ 4,81,538 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 52.79 ശതമാനമാണ് പോളിങ്. പത്തനംതിട്ടയിൽ 5,55,945 വോട്ടുകളോടെ 52.31 ശതമാനം രേഖപ്പെടുത്തി. ശതമാനക്കണക്കിൽ പിന്നിലാണെങ്കിലും തിരുവനന്തപുരത്ത് 14,63,349 പേർ വോട്ട് രേഖപ്പെടുത്തി 50.01 ശതമാനം പോളിങ് കൈവരിച്ചു.