2018 ലെ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് മാത്യു കുഴല്‍നാടന്‍ , തെളിവായിമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തു വിട്ടു!

   2018 ലെ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന്  മാത്യു കുഴല്‍നാടന്‍ , തെളിവായിമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തു വിട്ടു!

തൊടുപുഴ: കേരളത്തില്‍ വന്‍ കെടുതി വിതച്ച 2018 ലെ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ആരോപണത്തിന് തെളിവായി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ മാത്യു കുഴല്‍നാടന്‍ പുറത്തു വിട്ടു. ഡാമുകള്‍ തുറക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അഴിമതിയാണെന്ന് ശബ്ദരേഖയിലുണ്ട്.

ആദ്യ പിണറായി വിജയന്‍ മന്ത്രിസഭയിലെ ജലസേചന വകുപ്പ് മന്ത്രി ആയിരുന്ന മാത്യു ടി തോമസ് സ്വകാര്യ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നും മാത്യു കുഴല്‍നാടന്‍ ആരോപിക്കുന്നു.തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ വൈകിയതിനെ കുറിച്ചും പെരിങ്ങല്‍ക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിലും ക്രമക്കേടുകളും അഴിമതിയും നടന്നെന്ന് കൃഷ്ണന്‍കുട്ടി, ഒരു പാര്‍ട്ടി നേതാവിനോട് പറയുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് കുഴല്‍നാടന്‍ അവകാശപ്പെടുന്നു. മന്ത്രി മാത്യു ടി തോമസ് സ്പില്‍വേ, സമയത്ത് തുറക്കാത്തത് കരിമണല്‍ കമ്പനിക്ക് ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ് എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഇത് പിന്നീട് ചെങ്ങന്നൂരില്‍ പ്രളയത്തിന് അടക്കം കാരണമായി. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടും അനുമതി കൊടുത്തില്ലെന്നും ശബ്ദരേഖയില്‍ പറയുന്നു.

"തോട്ടപ്പള്ളി സ്പിൽവേ ഒരു മാസം മുൻപേ തുറക്കേണ്ടിയിരുന്നതാണ്, എന്തുകൊണ്ട് തുറന്നില്ല?. പുണ്യാളൻ ചമയണ്ട, എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടിട്ടും തുറക്കാൻ അനുമതി കൊടുത്തില്ല. അത് തുറന്നാൽ അതിന്റെ താഴെയുള്ള കരിമണൽ ഒലിച്ചു പോകും. ആ മണൽ കരാർ എടുത്തത് മേരി മാതാ എന്ന കരാർ കമ്പനിയാണ്. ക്യൂബിക് മീറ്ററിന് 62 രൂപ എന്ന നിലയിലാണ് കരാർ നൽകിയത്. അത് മറച്ചു വിറ്റാല്‍ ചുരുങ്ങിയത് 2000 രൂപയെങ്കിലും കിട്ടും. അഞ്ചു കോടിക്ക് കരാറുകാരന് വിൽക്കും. എല്ലാ ചിലവും കഴിഞ്ഞ് 300 കോടി കരാറുകാരന് ലാഭം കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും അവന് കിട്ടും. ജോഷി എന്ന ചീഫ് എഞ്ചിനിയറും ജോർജ് തോമസിൻ്റെ പെങ്ങളും മാത്യു ടി. തോമസും കൂടിയിരുന്നാണ് കളിച്ചത്"-ശബ്ദരേഖയിൽ പറയുന്നു.

"പമ്പയ്ക്ക് മുകളിൽ മണിയാർ എന്നൊരു പ്രോജക്ടുണ്ട്. അത് ഇറിഗേഷന്റെ പ്രോജക്ടാണ്. അതിന് മുകളിൽ ഇലക്ട്രിസിറ്റിയുടെ രണ്ട് പ്രോജക്ടുണ്ട്. മണിയാറിൽ നിന്ന് വൈദ്യതി കരാർ എടുത്തത് സ്വകാര്യ കമ്പനിയാണ്. ഇവർക്ക് വേണ്ടി അണക്കെട്ടിൽ വെള്ളം നിറക്കാൻ ചീഫ് എൻജിനീയർ അനുമതി നൽകി. ഷട്ടർ ഇട്ട് നിറച്ചു. അപ്പോൾ ഗതികേടിന് അവിടെ മരംവന്നുകുറുകേവീണു. എട്ടുകോടി രൂപയാണ് പ്രൈവറ്റ് കമ്പനിക്ക് ലാഭം കിട്ടിയത്. ജലനിരപ്പ് ഉയർന്നപ്പോൾ സൂയിസ് വാൽവ് തുറന്നു. ഇതാണ് ചെങ്ങന്നൂരിൽ ഉൾപ്പെടെ പ്രളയത്തിന് കാരണം. സ്ലുയിസ് തുറന്നതാണ് ചെളി കയറാൻ കാരണം. കരാറുകാരൻ ജോഷിയെ കണ്ടു വിഹിതം കൊടുത്തു"വെന്നും ശബ്ദരേഖയിൽ പറയുന്നു.

"പറമ്പിക്കുളം, തൂണക്കടവ്, ഷോളയാർ ഇവിടെയൊക്കെ നമ്മളാണ് ഇപ്പോഴത്തെ ചെയർമാൻ. ഒരു വർഷം കേരളവും അടുത്തവർഷം തമിഴ്‌നാടും എന്ന നിലയ്ക്കാണ്. വെള്ളം എപ്പോൾ തുറക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ജോഷിയാണ്. ആ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാതെ കേരളത്തിലേക്ക് മുഴുവൻ തുറന്നുവിടാൻ ഇദ്ദേഹം കൂട്ടുനിന്നു. 1400 ക്യുസെക്‌വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാൻ കപ്പാസിറ്റിയുണ്ട്. 800 ആണ് കൊണ്ടുപോയത്. 35 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കേണ്ടിടത്ത് 20 മെഗാവാട്ടേ ഉത്പാദിപ്പിച്ചുള്ളു. 200 കോടിയുടെ പ്രവൃത്തി അപ്പോൾ തമിഴ്നാട്ടിൽ നടക്കുന്നുണ്ട്. ഈ വെള്ളം പോയാൽ ആ പ്രവൃത്തിയെ ബാധിക്കും. ആ കരാറുകാരൻ വന്ന് ജോഷിയെ കണ്ട് ഒരു വിഹിതം കൊടുത്തു. അപ്പോൾ ആ വെള്ളത്തെ പെരിങ്ങൽക്കുത്തിലേക്ക് തുറന്നുവിട്ടു. അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവൻ പോയത്. "- ശബ്ദരേഖയിൽ വ്യക്തമാക്കുന്നു.