നിധിന്‍ രാജ് മരണം: 'ജാതി അധിക്ഷേപം, നിറത്തിൻ്റെ പേരില്‍ പരിഹാസം, മകനെ കൊന്നതാണെന്ന് പിതാവ്

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ സസ്‌പെന്റ് ചെയ്ത് അധികൃതര്‍. അനാട്ടമി വിഭാഗം മേധാവി ഡോ. എംകെ റാം. അസോ. പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിധിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് അറിയിച്ചു. അധ്യാപകര്‍ക്കോ സഹപാഠികള്‍ക്കോ എതിരെ നിധിന്‍ മുന്‍പ് പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അതേസമയം, കോളജ് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. നിധിന്റെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ഭാഗത്തുനിന്നുണ്ടായ ജാതി അധിക്ഷേപമാണെന്ന് കുടുംബം ആരോപിക്കുന്നു. തന്റെ മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവനെ കൊലപ്പെടുത്തിയതാണെന്നും നിധിന്റെ പിതാവ് പറഞ്ഞു. നിറത്തിന്റെ പേരില്‍ അവനെ പരിഹസിച്ചെന്നും മകനെ കൊന്നതാണെന്നും പിതാവ് പറഞ്ഞു. പഠനത്തില്‍ മുന്‍പന്തിയിലായിരുന്ന നിധിനെ വകുപ്പ് മേധാവിക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്നും, മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് നിറത്തിന്റെയും ജാതിയുടെയും പേരില്‍ 'പുഴുത്ത പട്ടിയെപ്പോലെയാണ് നിന്നെ കാണുന്നത്' എന്ന് പറഞ്ഞ് അധിക്ഷേപിച്ചിരുന്നതായും പിതാവ് രാജന്‍ പറഞ്ഞു.സംഭവം നടന്ന ദിവസം കോളജില്‍ നിന്ന് വിളിച്ചപ്പോള്‍ നിധിന് അപകടം പറ്റിയെന്നും ഐസിയുവിലാണെന്നുമാണ് അറിയിച്ചതെന്ന് അമ്മ പറയുന്നു. എന്നാല്‍ പിന്നീട് തിരിച്ചുവിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുത്തില്ലെന്നും ബോധപൂര്‍വ്വം കോള്‍ കട്ട് ചെയ്തതായും അവര്‍ പരാതിപ്പെട്ടു. വകുപ്പ് മേധാവിക്ക് പുറമെ മറ്റ് രണ്ട് അധ്യാപകരും മകനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ക്രൂരമായ റാഗിങ്ങിന് നിധിന്‍ ഇരയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
https://www.worldm.news/keralam/bds-student-dies-after--24529
കോളേജില്‍ ജോയിന്‍ ചെയ്ത സമയം മുതല്‍ കുട്ടി റാഗിംഗ് നേരിട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. നിതിന്റെ എച്ച്‌ഒഡി ആയ റാം കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. എച്ച്‌ഒഡിയുടെ കുടുംബപ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികളോടായിരുന്നു കാണിച്ചിരുന്നത് എന്നിങ്ങനെയാണ് ആരോപണങ്ങള്‍.കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചു നാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു.മിനിഞ്ഞാന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് ആവശ്യപ്പെടുകയും അവര്‍ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചക്കരക്കൽ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.