പിണറായി- മോഹൻലാൽ അഭിമുഖം: നിർമാണ പങ്കാളിത്തത്തിന് നന്ദി അറിയിച്ച് പരസ്യ ഏജൻസി

പിണറായി- മോഹൻലാൽ അഭിമുഖം: നിർമാണ പങ്കാളിത്തത്തിന് നന്ദി അറിയിച്ച്   പരസ്യ ഏജൻസി

തിരുവനന്തപുരം: മുഖ്യമ്രന്തി പിണറായി വിജയനെ നടൻ മോഹൻലാൽ അഭിമുഖം നടത്തിയ വീഡിയോ  ചിത്രീകരണത്തിൻ്റെ   നിർമാണം നിർവഹിച്ച  കോഴിക്കോട്ടുള്ള പരസ്യ ഏജൻസി ഇതിന് അവസരമൊരുക്കിയതിൽ   നന്ദി അറിയിച്ചുകൊണ്ട്  ഫേസ്‌ബുക്കിൽ കുറിപ്പിട്ടു . 'കണ്ടും മിണ്ടിയും ഇരുവർ' എന്ന ആ  അഭിമുഖം . മുഖ്യമന്ത്രിയുടെ ഔദ്യേഗിക വസതിയായ ക്ലിഫ് ഹൗസിൽ രണ്ട് ദിവസമെടുത്താണ്  ചിത്രീകരിച്ചിരുന്നത്.''ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനുമായി മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ നടത്തിയ അഭിമുഖം എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കും. ചരിത്ര സംഭവമായി മാറുന്ന ആ അഭിമുഖത്തിൻ്റെ നിർമാണം നിർവഹിക്കാൻ ഡി ആഡ്‌സ് ന് അവസരം തന്ന എല്ലാവരോടും ഞങ്ങളുടെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.മലയാളിയുടെ അഭിമാനമായ മഹാനടൻ മോഹൻലാലും അസാമാന്യമായ കാര്യനിർവഹണശേഷി കൊണ്ടും പ്രതിബദ്ധത കൊണ്ടും കേരളത്തിൻ്റെ ക്യാപ്റ്റനായി മാറിയ പ്രിയ സഖാവ് പിണറായി വിജയനും തമ്മിലെ സൗഹൃദ സംഭാഷണത്തിൻ്റെ സംവിധാനം നിർവഹിച്ച പ്രമുഖ ചലച്ചിത്രകാരൻ ടി കെ രാജീവ് കുമാറിനോടും ഇത് പകർത്തിയ ക്യാമറാമാൻ അഴകപ്പൻ്റെ നേതൃത്വത്തിലുള്ള ക്യാമറ ടീം ഉൾപ്പെടെയുള്ള മറ്റു ക്രൂ അംഗങ്ങൾക്കും പിആർഡിയുടെ എല്ലാ ഉദ്യോഗസ്ഥരോടും നന്ദി രേഖപ്പെടുത്തുന്നു.പ്രിയ സഖാവും ലാലേട്ടനും ഷൂട്ടിങ് സമയത്ത് അവിടെയുണ്ടായിരുന്ന എല്ലാവരോടും പ്രകടിപ്പിച്ച ഊഷ്മളമായ സ്‌നേഹം ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്. അതിനെല്ലാം സാക്ഷിയാകാനും ഈ സംരംഭത്തിൽ പങ്കാളിയാകാനും അവസരം തന്നവരോട് ഒരിക്കൽ കൂടി നന്ദി "  എന്ന് പരസ്യ കമ്പനി ഉടമ ടി സുജൻ ഫേസ്ബുക്കിൽ കുറിച്ചു.

അഭിമുഖത്തിന് ചെലവായത് 11,21,000 രൂപ

മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിച്ചെത്തിയ 'കണ്ടും മിണ്ടിയും ഇരുവർ' എന്ന അഭിമുഖ പരിപാടി ചിത്രീകരിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപയാണ് ചെലവഴിച്ചതെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കിയിരുന്നു. തിരുവല്ല സ്വദേശിയായ റിജോ വള്ളംകുളം നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സർക്കാർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചതെന്ന് വ്യക്തമാക്കുന്ന രേഖയിൽ തന്നെ, ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നുണ്ട്. ഈ അഭിമുഖത്തിൻ്റെ ടീസറുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.