കേരളത്തിൽ വീണ്ടും പവര്‍കട്ട്; വൈകുന്നേരം6 നും രാത്രി 12 മണിക്കും ഇടയില്‍ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിലഭ്യതയിൽ വലിയതോതിലുള്ള കുറവ് നേരിടുന്ന സാഹചര്യത്തിൽ ജൂൺ 30 വരെ രാത്രികാലങ്ങളിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി. ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്തായിരിക്കും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരിക.സംസ്ഥാനത്തെ നിലവിലെ ഊർജ്ജ പ്രതിസന്ധി കണക്കിലെടുത്ത്, വരും ദിവസങ്ങളിൽ വൈദ്യുതി ലഭ്യതക്കുറവ് നിയന്ത്രണാതീതമാകുന്നപക്ഷം ഗ്രിഡിന്റെ സുസ്ഥിരത നിലനിർത്താൻ അവശ്യം വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം കെ എസ് ഇ ബിക്ക് അനുമതി നൽകി. ജൂൺ 16ന് രാത്രി 9 നും 12നുമിടയിൽ സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ നേരിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം ഇതിനോടകം വേണ്ടിവന്നിട്ടുണ്ട്.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേരളം ഇതരസംസ്ഥാനങ്ങളിൽ നിന്ന് വായ്പ്പയായി വാങ്ങിയിരുന്ന വൈദ്യുതി ജൂൺ 16 മുതൽ തിരികെ നൽകേണ്ടി വന്നതാണ് ഇപ്പോഴത്തെ പെട്ടെന്നുള്ള പ്രതിസന്ധിക്ക് പ്രധാന കാരണം. വായ്പ്പയായി വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട സമയത്ത് ആഭ്യന്തര ആവശ്യകത നിറവേറ്റുന്നതിനായി ഡീപ് കരാറുകൾ ഒപ്പിടാൻ കെ എസ് ഇ ബി പരിശ്രമിച്ചിരുന്നു എങ്കിലും രാജ്യത്തെ എൽനിനോ പ്രതിസന്ധി കാരണം ഇത് വിജയിച്ചില്ല. ഇതിന് പുറമേ, ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്ത് മൺസൂൺ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തിപ്രാപിക്കാത്തതിനാൽ അന്തരീക്ഷ താപനില കാര്യമായി കുറയാത്തതും പ്രതിസന്ധി രൂക്ഷമാക്കി.സംസ്ഥാനത്ത് പരമാവധി 4100 മെഗാവാട്ടിന്റെ ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും കടുത്ത ചൂട് കാരണം ഇത് 4900 മെഗാവാട്ട് വരെ ഉയരുന്ന സ്ഥിതിയാണുണ്ടായത്. പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ആഭ്യന്തര ഉത്പാദനത്തിലൂടെ 1700 മെഗാവാട്ടും കേന്ദ്ര നിലയങ്ങളിൽനിന്നുള്ള വിഹിതമായി 1701 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ ലഭ്യമാകുന്ന 612 മെഗാവാട്ടും പൂർണ്ണതോതിൽ സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ ഉയർന്ന ആവശ്യകതയും മുൻപ് വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ടി വന്നതും മൂലം ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ ഏതാണ്ട് 900 മെഗാവാട്ട് വൈദ്യുതിയുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. നിലവിലെ സവിശേഷ സാഹചര്യം കാരണം പവർ എക്സ്ചേഞ്ചുകളിലെ വൈദ്യുതിലഭ്യത വെറും 5 ശതമാനമായി ചുരുങ്ങിയതും തിരിച്ചടിയായി.
വൈദ്യുതി പ്രതിസന്ധി വിലയിരുത്തുന്നതിനായി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ പവർ സെക്രട്ടറിയും കെ എസ് ഇ ബി ചെയർമാനുമായ ഡോ. എം ജി രാജമാണിക്യം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം വിളിച്ചുചേർത്തിരുന്നു. ദൈനംദിന കരാറുകളിലൂടെ ലഭ്യമാകുന്ന പരമാവധി വൈദ്യുതി വിപണിയിൽ നിന്നും വാങ്ങിയെത്തിച്ച് പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി കെ എസ് ഇ ബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എങ്കിലും കടുത്ത കുറവുണ്ടാകുന്ന സാഹചര്യങ്ങളിൽ ഉപഭോക്താക്കൾ സഹകരിക്കണമെന്നും വൈദ്യുതി ശൃംഖലയുടെ സുരക്ഷ മുൻനിർത്തി അനിവാര്യമായ ഘട്ടങ്ങളിൽ മാത്രമേ നിയന്ത്രണം ഏർപ്പെടുത്തുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.