വയറ്റില്‍ കത്രിക കുടുങ്ങിയ പുന്നപ്ര സ്വദേശിനി ഉഷയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വയറ്റില്‍ കത്രിക കുടുങ്ങിയ പുന്നപ്ര സ്വദേശിനി ഉഷയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എറണാകുളം : വയറിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യാനുപയോഗിക്കുന്ന കത്രിക കുടുങ്ങിയ ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി ഇന്നു തീരുമാനിക്കും. ഉഷയുടെ ദുരവസ്ഥ അറിഞ്ഞ കെസി വേണുഗോപാല്‍ എംപി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.വിവരം അറിഞ്ഞ കെ സി വേണുഗോപാല്‍ ഉഷാ ജോസഫിന്റെ കുടുംബവുമായി സംസാരിച്ചിരുന്നു. ഇനി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ പേടിയാണെന്നും, മറ്റെവിടെയെങ്കിലും പോയി ചികിത്സിക്കണമെന്നും അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് അയച്ച് ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചത്. ആവശ്യമെങ്കില്‍ ശസ്ത്രക്രിയ ഉടന്‍ തന്നെ ചെയ്യുമെന്ന് ഉഷക്കൊപ്പം ആശുപത്രിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് എം ലിജു പറഞ്ഞു.

ഡോക്ടറുടെ വാദങ്ങൾ തള്ളി ആരോഗ്യമന്ത്രി 

താനല്ല ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയതെന്ന ഡോ.ലളിതാംബികയുടെ  വാദങ്ങൾ തള്ളി ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ്ജ് . സംഭവത്തിന് ഡോക്ടർമാരും നഴ്‌സുമാരും ഉത്തരവാദികളാണെന്ന് മന്ത്രി പറഞ്ഞു .ഡോ.ലളിതാംബികയുടെ വിശദീകരണമല്ല ഉഷയുടെ കുടുംബം പറയുന്നതാണ് വിശ്വസിക്കുന്നതെന്നും ശസ്ത്രക്രിയയിൽ കാണിച്ച അനാസ്ഥക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു . 

കത്രിക വയറിനുള്ളില്‍ അഞ്ചു കൊല്ലമല്ല അമ്പതുകൊല്ലം ഇരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ ലളിതാംബിക  മാധ്യമങ്ങളോട് പറഞ്ഞിരുന്നു. "ഇതു വയറ്റില്‍ വെച്ചതുകൊണ്ട് ഒന്നും അറിയത്തില്ല. ഇത് 20 കൊല്ലം മുമ്പ് വെച്ചതാകാം. ഇപ്പോള്‍ വെച്ചതാണെന്നതിന് ഒരു തെളിവുമില്ല "എന്നും ഡോക്ടര്‍ പറഞ്ഞിരുന്നു 

https://www.worldm.news/keralam/scissors-found-in-the-stomach--19790