ബെംഗളൂരു- ഹൈദരാബാദ് ബസിന് തീപിടിച്ചു; 20ലധികം യാത്രക്കാർ വെന്തുമരിച്ചു !

കർണൂല്‍: ആന്ധ്രാപ്രദേശിലെ കർണൂര്‍ ജില്ലയില്‍ ഹൈദരാബാദ്-ബെംഗുളൂരു ദേശീയ പാതയില്‍ സ്വകാര്യ ബസിന് തീപിടിച്ചു. 20 യാത്രക്കാര്‍ വെന്ത് മരിച്ചതായാണ് വിവരം. ബസ് പൂർണമായും കത്തി നശിച്ച നിലയിലാണ്. കർണൂലിൻ്റെ പ്രാന്തപ്രദേശമായ ചിന്നത്തേക്കൂറിൽ ദേശീയപാത 44 ൽ ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന കാവേരി ട്രാവൽസിനാണ് തീപിടിച്ചത്.അപകടസമയത്ത് ബസിൽ 39 ഓളം പേർ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതിൽ 12 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം മരിച്ചവരുടെ കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
ലോക്കൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണവും ആളപായവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത് എന്ന് അധികൃതര്‍ വ്യക്തമാക്കി.പുലർച്ചെ 3:30 ഓടെയാണ് അപകടം നടന്നത്. അപകടത്തിന് ശേഷം ബസിന്റെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടതായി അധികൃതർക്ക് വിവരം ലഭിച്ചു. സംഭവസമയത്ത് യാത്രക്കാർ ഉറങ്ങിപ്പോയതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപകടസ്ഥലത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു :
ഹൈദരാബാദ്-ബെംഗുളൂരു ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ അനുശോചിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കുടുംബാഗങ്ങളെ നഷ്ടപ്പെട്ടവരുടെ ദുംഖത്തില്‍ പങ്കു ചേരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു."കർണൂല്‍ ജില്ലയിലെ ചിന്നത്തേക്കൂർ ഗ്രാമത്തിനടുത്ത് ബസ് തീപിടിച്ച് ഉണ്ടായ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർക്കും ബാധിതരായ കുടുംബങ്ങൾക്കും സർക്കാർ അധികാരികൾ സാധ്യമായ എല്ലാ പിന്തുണയും നൽകും," അദ്ദേഹം എക്സിലെ ഒരു പോസ്റ്റിൽ എഴുതി.