കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗം ചെയ്‌തു : പ്രതികൾ ഒളിവിൽ

കോയമ്പത്തൂരിൽ  കോളേജ് വിദ്യാർത്ഥിനിയെ കൂട്ട ബലാൽസംഗം ചെയ്‌തു : പ്രതികൾ ഒളിവിൽ

ചെന്നൈ: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം  20 വയസ്സുള്ള ബിരുദാനന്തര കോളേജ് വിദ്യാർത്ഥിനിയെ അജ്ഞാതരായ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. ഇന്നലെ രാത്രി വിമാനത്താവളത്തിന് സമീപമുള്ള ആളൊഴിഞ്ഞ, വെളിച്ചമില്ലാത്ത സ്ഥലത്താണ് സംഭവം  നടന്നത്.അവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല.പോലീസ് പറയുന്നതനുസരിച്ച്, ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് പെൺകുട്ടി തന്റെ കാമുകനൊപ്പം (23) ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങിയത്.  ഇരുവരും പുറത്ത് അത്താഴം കഴിച്ച ശേഷം തിരിച്ചുവരുമ്പോഴാണ് സംഭവം നടന്നത്.

രാത്രി 11 മണിയോടെ, മോഷ്ടിച്ച ഒരു ഇരുചക്രവാഹനത്തിൽ എത്തിയതായി കരുതപ്പെടുന്ന മൂന്ന് അജ്ഞാതർ ഇവർ പാർക്ക് ചെയ്തിരുന്ന കാറിനടുത്തെത്തി. കാറിന്റെ മുൻവശത്തെ ചില്ലു കല്ലെറിഞ്ഞ് തകർത്ത് രണ്ടുപേരേയും വാഹനത്തിൽ നിന്ന്  പുറത്തേക്ക് വലിച്ചിഴച്ചു. അക്രമികൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെറുക്കാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയും ചെയ്തു. തലയിൽ വടിയും കല്ലും ഉപയോഗിച്ച്  യുവാവിനെ ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം പെൺകുട്ടിയെ  ബലമായി സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയി. വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഒരു മോട്ടോർ റൂം പോലുള്ള ഷെഡിലെത്തിച്ച്  ബലാത്സംഗം ചെയ്തതായാണ് പരാതി, ഇന്ന് പുലർച്ചെ 4.30 ഓടെ കുറ്റകൃത്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി സംഘം പെൺകുട്ടിയെ  ഉപേക്ഷിച്ചു.സംഭവസ്ഥലത്ത് വെച്ച്  ബോധം നഷ്ടപ്പെട്ട യുവാവ്  രാത്രി 11.25 ഓടെ ഉണര്‍ന്നു, തകര്‍ന്ന കാര്‍ വിമാനത്താവള റോഡിലേക്ക് ഓടിച്ചുകൊണ്ടുപോയി വഴിയാത്രക്കാരോട് സഹായം തേടി. ആളുകള്‍ പോലീസിനെ വിവരമറിയിക്കുകയും ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അർദ്ധരാത്രിക്ക് ശേഷം ഉന്നതതല ക്രൈം, സിറ്റി പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു. പ്രതികളെ കണ്ടെത്താൻ ഏഴ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിമാനത്താവളത്തിന് സമീപമുള്ള വിജനമായ പ്രദേശമായതിനാലും ,ആൾസഞ്ചാരം  കുറവായതിനാലും വെളിച്ചക്കുറവും പ്രദേശത്ത് നിരീക്ഷണ ക്യാമറകളുടെ അഭാവവും അന്വേഷണം കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. "സാധ്യമായ എല്ലാ കോണുകളും, ലഭ്യമായ സാങ്കേതിക വിവരങ്ങളും, പ്രദേശത്ത് നിന്ന് രേഖപ്പെടുത്തിയ എല്ലാ ചലനങ്ങളും ഞങ്ങൾ വിശകലനം ചെയ്യുകയാണ്," ഉദ്യോഗസ്ഥൻ പറഞ്ഞു.സംഭവത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിൾ വൈകുന്നേരം കോവിൽപാളയത്ത് നിന്ന് പ്രതികൾ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട് .പോലീസ് അന്വേഷണം തുടരുകയാണ്‌ .