ടി20 ലോകകപ്പ് :സെമിയിലും ഫൈനലിലും അർധസെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി സഞ്ജു സാംസൺ

ടി20 ലോകകപ്പ് :സെമിയിലും ഫൈനലിലും അർധസെഞ്ച്വറി നേടുന്ന മൂന്നാമത്തെ  താരമായി സഞ്ജു സാംസൺ

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിന്‍റെ വമ്പൻ വേദിയിൽ റെക്കോർഡുകൾ ഓരോന്നായി തിരുത്തിക്കുറിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നഷ്ടമായെങ്കിലും 46 പന്തില്‍ അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളും സഹിതം 89 റണ്‍സ് നേടി ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ച സഞ്ജു, മുന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ ടി20 ലോകകപ്പ് റെക്കോര്‍ഡ് ആണ് തകര്‍ത്തത്. ഒരു ടി20 ലോകകപ്പ് പതിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ആണ് കോഹ് ലിയെ മറികടന്ന് സഞ്ജു നേടിയത്.

കോഹ്‌ലിക്കും അഫ്രീദിക്കുമൊപ്പം സഞ്ജു സാംസൺ

ഒരു ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിലും ഫൈനലിലും അർധസെഞ്ച്വറി നേടുന്ന ലോകത്തിലെ മൂന്നാമത്തെ മാത്രം താരമെന്ന ബഹുമതി ഇനി സഞ്ജുവിന് സ്വന്തം. 2009-ൽ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയും, 2014-ൽ വിരാട് കോലിയും മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 33 പന്തിൽ നിന്നാണ് സഞ്ജു തന്‍റെ അർധസെഞ്ച്വറി പൂർത്തിയാക്കിയത്. ഒരു വശത്ത് അഭിഷേക് ശർമ്മ തകർത്തടിക്കുമ്പോൾ, മറുവശത്ത് ഇന്നിങ്‌സ് പക്വതയോടെ കെട്ടിപ്പടുക്കുന്ന സഞ്ജുവിന്‍റെ ബാറ്റിംഗ് ശൈലി അഹമ്മദാബാദിലെ കാണികളെ വിസ്മയിപ്പിച്ചു.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പവർപ്ലേ ഓവറുകളിൽ (ആദ്യ 6 ഓവർ) അക്ഷരാർത്ഥത്തിൽ കിവീസ് ബൗളർമാരെ കശാപ്പ് ചെയ്യുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ടി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്. 2024-ൽ അഫ്‌ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇൻഡീസ് നേടിയ 92/1 എന്ന റെക്കോർഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. ആദ്യ രണ്ട് ഓവറിൽ വെറും 12 റൺസ് മാത്രമായിരുന്ന ഇന്ത്യ, അടുത്ത നാല് ഓവറിൽ 80 റൺസാണ് അടിച്ചെടുത്തത്.അഭിഷേക് ശർമ്മയുടെ വെടിക്കെട്ട്

പവർപ്ലേയിലെ ഈ താണ്ഡവത്തിന് നേതൃത്വം നൽകിയത് യുവതാരം അഭിഷേക് ശർമ്മയായിരുന്നു. വെറും 18 പന്തിൽ അർധസെഞ്ച്വറി തികച്ച അഭിഷേക് (52), ഈ ലോകകപ്പ് എഡിഷനിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയും സ്വന്തം പേരിൽ കുറിച്ചു. ലോക്കി ഫെർഗൂസൺ എറിഞ്ഞ ഒരോവറിൽ മാത്രം 24 റൺസ് പിറന്നത് കിവീസ് നിരയെ മാനസികമായി തളർത്തി.

റെക്കോർഡുകളുടെ പെരുമഴ

ആദ്യ 50+ ഓപ്പണിംഗ് കൂട്ടുക്കെട്ട്: ടി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ആദ്യത്തെ 50 റൺസിന് മുകളിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് സഞ്ജുവും അഭിഷേകും ചേർന്ന് പടുത്തുയർത്തി.അതിവേഗ 100: വെറും 7.2 ഓവറിൽ ഇന്ത്യ 100 റൺസ് പിന്നിട്ടു. 14 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ 191/1 എന്ന പടുകൂറ്റൻ നിലയിലായിരുന്നു.

അഭിഷേക് പുറത്തായ ശേഷവും ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സഞ്ജു സാംസൺ നടത്തിയ ബാറ്റിംഗ് വിരുന്ന് ഇന്ത്യയെ സുരക്ഷിതമായ നിലയിലെത്തിച്ചു. വെറുമൊരു വെടിക്കെട്ട് പ്രകടനം എന്നതിലുപരി, കൃത്യമായ പ്ലാനിംഗോടെയും ടൈമിംഗോടെയും സഞ്ജു കളിച്ച ഓരോ ഷോട്ടും താരത്തിന്‍റെ പ്രതിഭ വിളിച്ചോതുന്നതായിരുന്നു.

ടി20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍:

സഞ്ജു സാംസണ്‍ - 2026ല്‍ 321 റണ്‍സ്

വിരാട് കോഹ്ലി - 2014ല്‍ 319 റണ്‍സ്

ഇഷാന്‍ കിഷന്‍ - 2026ല്‍ 317 റണ്‍സ്

ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡും സാംസണ്‍ സ്വന്തമാക്കി. 2016 ലെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 85 റണ്‍സ് നേടിയ മാര്‍ലോണ്‍ സാമുവല്‍സിന്റെ 10 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആണ് സാംസണ്‍ തിരുത്തി കുറിച്ചത്. മാത്രമല്ല, ഫൈനലില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡും സാംസണ്‍ തകര്‍ത്തു. 2014 ല്‍ ശ്രീലങ്കയ്ക്കെതിരെ കോഹ്ലി 77 റണ്‍സ് നേടിയിരുന്നു