ഓണം പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

ഓണം പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

ബംഗളുരു: ഓണക്കാലത്ത് കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. മൈസുരുവില്‍ നിന്ന് കണ്ണൂരിലേക്കും കണ്ണൂര്‍-ബംഗളുരു കന്‍റോണ്‍മെന്‍റ് സ്റ്റേഷനുകളിലേക്കും പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും.അധികട്രെയിനുകളുടെ സമയക്രമം സംബന്ധിച്ച പട്ടിക ദക്ഷിണ റെയില്‍വേ പുറത്ത് വിട്ടു. എക്‌സിലാണ് ഇത് പങ്ക് വച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ മുന്‍കൂട്ടി ഉറപ്പിക്കാനും റെയില്‍വേ യാത്രക്കാരോട് ആവശ്യപ്പെട്ടു. ഉത്സവകാലത്തെ തിരക്ക് പ്രമാണിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.

ഓണക്കാലത്തെ തിരക്ക് പ്രമാണിച്ച് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും നല്ല യാത്രയ്ക്കായി എല്ലാവരും മുന്‍കൂട്ടി ടിക്കറ്റുകള്‍ ഉറപ്പാക്കാനും ദക്ഷിണ റെയില്‍വേയുടെ കുറിപ്പില്‍ പറയുന്നു.പത്ത്ദിവസം നീളുന്ന വിളവെടുപ്പുത്സവമായ ഓണം മലയാളികളുടെ ഔദ്യോഗിക പുതുവര്‍ഷാരംഭം കൂടിയാണ്. ഇക്കുറി ഓഗസ്റ്റ് പതിനാറിനാണ് പുതുവര്‍ഷാരംഭമായ ചിങ്ങം ഒന്ന്. ഓഗസ്റ്റ് 26നാണ് തിരുവോണം.

മൈസുരു-കണ്ണൂര്‍ പ്രത്യേക തീവണ്ടി സമയക്രമം

ട്രെയിന്‍ നമ്പര്‍ 06229 മൈസൂരി-കണ്ണൂര്‍ എക്‌സ്‌പ്രസ് ഓഗസ്റ്റ് 29 ശനിയാഴ്‌ച സര്‍വീസ് നടത്തും. മൈസുരുവില്‍ നിന്ന് രാത്രി11.55 ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം വൈകിട്ട് 5.50ന് കണ്ണൂരിലെത്തും. 

06230കണ്ണൂര്‍ ബംഗളുരു കന്‍റോണ്‍മെന്‍റ് എക്‌സ്‌പ്രസ് ഓഗസ്റ്റ് മുപ്പതിന് സര്‍വീസ് നടത്തും. വൈകിട്ട് 7.45ന് കണ്ണൂരില്‍ നിന്ന് യാത്രതിരിക്കുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ പത്ത് മണിക്ക് ബംഗളുരു കന്‍റോണ്‍മെന്‍റിലെത്തും.


ഇന്ന് രാവിലെ മുതല്‍ തന്നെ പ്രത്യേക ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഉത്സവകാലത്ത് തിരക്ക് കൂടുന്നതിനാല്‍ നേരത്തെ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും ഉചിതം. പുതുക്കിയ ട്രെയിന്‍ സമയം, പ്ലാറ്റ്ഫോം വിവരങ്ങള്‍, ട്രെയിനിന്‍റെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെല്ലാം എന്‍ടിഇഎസ് ആപ്പ് വഴിയോ ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ സ്റ്റേഷനിലേക്ക് പുറപ്പെടും മുമ്പ് തന്നെ പരിശോധിക്കേണ്ടതാണ്.