ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി; ഭാര്യ ഉൾപ്പെടെ നാല് പേർ അറസ്‌റ്റിൽ

ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി; ഭാര്യ ഉൾപ്പെടെ നാല് പേർ അറസ്‌റ്റിൽ

ലക്‌നൗ: വാടക വീട്ടിൽ സ്‌കൂൾ ഉടമസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഭാര്യ ഉൾപ്പെടെ നാല് പേരെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്. ഉത്തർപ്രദേശിലെ മീററ്റ് ഹസ്‌തിനപൂരിലെ ജെ-ബ്ലോക്ക് കോളനിയിലാണ് സംഭവം. 32 കാരനായ അതുൽ കുമാർ പൻവാർ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മരണത്തിന് പിന്നിൽ ആസൂത്രിക കൊലപാതകമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഭാര്യ ദാമിനിയും കാമുകൻ തുഷാറും ചേർന്ന് വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി.

ഗൂഢാലോചനയും ആസൂത്രിത കൊലപാതകവും

പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് അതുൽ കുമാർ പൻവാറിനെ ഭാര്യ ദാമിനിയും സ്‌കൂളിലെ ബസ് ഡ്രൈവറും കാമുകനുമായ തുഷാറും ചേർന്നാണ് കൊലപ്പെടുത്തിയത്. തുഷാർ അതുൽ കുമാർ പൻവാറിൻ്റെ സ്‌കൂളിലെ ബസ്‌ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു. ആസൂത്രിതമായി പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സോനു, ഉദയ് കുമാർ എന്നീ രണ്ട് പാമ്പാട്ടികളെയും അറസ്‌റ്റ് ചെയ്‌തു. കൊലപാതകത്തിന് ഉപയോഗിച്ച പാമ്പ് വളരെ വിഷമുള്ള ക്രെയ്റ്റ് ഇനമായിരുന്നു എന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.തുഷാറുമായി ചേർന്ന് ദാമിനി ഗൂഢാലോചന നടത്തുകയുണ്ടായി. ഇതിൻ്റെ ഭാഗമായി ഭർത്താവിന് പാലിൽ ഉറക്ക ഗുളിക ചേർത്ത് മയക്കി കിടത്തിയതിന് ശേഷമാണ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചത്. തൽക്ഷണം തന്നെ അതുൽ കുമാർ പൻവാർ മരിക്കുകയായിരുന്നു. ആസൂത്രണം ചെയ്‌ത് പദ്ധതി നടപ്പിലാക്കാൻ തുഷാർ ഹസ്‌തിനപൂർ നിവാസികളായ രണ്ട് പാമ്പാട്ടികളുടെ സഹായം തേടിയതായും ഉദ്യോഗസ്ഥർ കണ്ടെത്തി. അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ഭണ്ഡോര ഗ്രാമവാസിയായ അതുലും ജെ-ബ്ലോക്കിലെ താമസക്കാരിയായ ദാമിനിയും 2019 ലാണ് വിവാഹിതരായത്. കഴിഞ്ഞ നാല് മാസമായി ദമ്പതികൾ ആറ് വയസുള്ള മകനോടൊപ്പം ജെ-ബ്ലോക്ക് കോളനിയിലെ ഒരു വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. മൂന്ന് മാസം മുൻപ് ദമ്പതികൾ നഗരത്തിൽ കൃഷ്‌ണ കിഡ്‌സ് പ്ലേ സ്‌കൂൾ ആരംഭിച്ചിരുന്നു. മവാനയിലെ കോഹ്‌ല ഗ്രാമവാസിയായ തുഷാർ ഏതാണ്ട് അതേ സമയത്താണ് സ്‌കൂളിൽ ബസ് ഡ്രൈവറായി ചേർന്നതെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇവിടെ വച്ച് ദാമിനിയുടെയും തുഷാറിൻ്റെ ബന്ധം വഴിവിട്ടുപോകുകയായിരുന്നു.

അന്വേഷണത്തിന് വഴിത്തിരിവായത് കുടുംബത്തിൻ്റെ ആരോപണം

ഇന്നലെ  രാവിലെ ദാമിനി അതുൽ പാമ്പുകടിയേറ്റു മരിച്ചതായി നാട്ടുകാരെ അറിയിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. “മരിച്ചയാളുടെ കിടക്കയിൽ കണ്ടെത്തിയ ഒരു പാമ്പിനെ നാട്ടുകാർ സംഭവസ്ഥലത്ത് വച്ചുതന്നെ അടിച്ചു കൊന്നു. അതുലിൻ്റെ കൈയിലും കാലിലും പാമ്പുകടിയേറ്റതിൻ്റെ പാടുകൾ കണ്ടെത്തി. തുടക്കത്തിൽ പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്നായിരുന്നു പൊലീസിൻ്റെ നിഗമനം", എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.അതേസമയം, അതുലിൻ്റെ പിതാവ് അജബ് സിങ്ങ് തൻ്റെ മരുമകൾ മകനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. ഇതാണ് പിന്നീട് സംശയത്തിലേയ്‌ക്ക് നയിച്ചത്. തുടർന്ന് "കുടുംബത്തിൻ്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ തുഷാർ കഴിഞ്ഞ മൂന്ന് മാസമായി സ്‌കൂളിൽ ബസ്‌ ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടെന്നും ദാമിനിയുമായി വിവാഹേതര ബന്ധമുണ്ടെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി", എന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അവിനാശ് പാണ്ഡെ പറഞ്ഞു. കൂടുതൽ അന്വേഷണത്തിൽ ഇരയുടെ മരണം സ്വാഭാവികമായ പാമ്പുകടിയേറ്റുള്ള മരണമല്ലെന്ന് തെളിഞ്ഞു. സംഭവം മുൻകൂട്ടി തയ്യാറാക്കിയ കൊലപാതകത്തിൻ്റെ ഫലമാണെന്ന് പൊലീസ് നിഗമനത്തിലെത്തി എന്നും അവിനാശ് പാണ്ഡെ കൂട്ടിച്ചേർത്തു.