ചോദ്യപേപ്പർ ചോർച്ച: എൻടിഎയിൽ വന്‍ അഴിച്ചുപണി, 47 ഉദ്യോഗസ്ഥരെ പുറത്താക്കി

ന്യൂഡല്‍ഹി: ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളെയും പരീക്ഷാ ക്രമക്കേടുകളെയും വിദ്യാര്‍ഥി പ്രക്ഷോഭങ്ങളേയും തുടർന്ന് പരീക്ഷാ നടത്തിപ്പ് ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻടിഎ) വൻ അഴിച്ചുപണി. വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 47 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി. എഎൻഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.രാജ്യത്തെ പരീക്ഷാ സംവിധാനത്തോടുള്ള വിശ്വാസ്യത വീണ്ടെടുക്കുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനുമായി കുറ്റക്കാരായ ചില ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടികളടക്കം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ മാസങ്ങളായി രാജ്യത്തുടനീളം ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങൾ നടന്നുവരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണായക നീക്കം. കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരം പരീക്ഷാ തട്ടിപ്പുകാർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. പരീക്ഷാ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കാനും ഭാവിയിൽ ചോദ്യപേപ്പർ ചോർച്ച പൂർണ്ണമായി തടയാനും ലക്ഷ്യമിട്ടാണ് എൻടിഎയിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ചോദ്യപേപ്പർ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി ഏജൻസിയുടെ ഔട്ട്സോഴ്സിങ് രീതി പുനഃപരിശോധിക്കാനും തിരുത്തലുകൾ വരുത്താനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.നീറ്റ് (NEET), ജെഇഇ (JEE), സിയുഇടി (CUET) തുടങ്ങി രാജ്യത്തെ പ്രധാനംപ്പെട്ട ഇരുപതിലേറെ ദേശീയതല പ്രവേശന പരീക്ഷകൾ നടത്തുന്നത് എൻടിഎയാണ്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും തുടർന്നുണ്ടായ വിവാദങ്ങളും ഏജൻസിയുടെ പ്രവർത്തനത്തെ വലിയ രീതിയിൽ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരീക്ഷാ സംവിധാനം ഉടച്ചുവാർക്കുന്നതിലേക്ക് കേന്ദ്ര സർക്കാർ കടന്നത്.
പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനായി കൂടുതൽ കർശനമായ ശിക്ഷാനടപടികൾ വ്യവസ്ഥ ചെയ്യുന്ന പുതിയ കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. വരും ആഴ്ചയിൽ ഇത് പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ വിചാരണ ചെയ്തു തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും സംഘടിത പരീക്ഷാ തട്ടിപ്പുകൾക്കെതിരെ കടുത്ത നിയമനടപടികൾ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. നിലവിൽ പേപ്പർ ചോർച്ച നടത്തിയാൽ 3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.ഭേദഗതിയോടെ ഇത് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയുമായി ഉയർത്തും.സംശയാസ്പദമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്ത സേവനദാതാക്കൾക്ക് നിലവിലെ നിയമപ്രകാരം 1 കോടി രൂപ വരെ പിഴ ചുമത്താം. സംഘടിത കുറ്റകൃത്യമാണെങ്കിൽ 5 മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് 1 കോടി രൂപ പിഴയും ലഭിക്കുന്ന തരത്തില്‍ നിയമം പരിഷ്കരിക്കുമെന്നാണ് റിപ്പോര്‍ട്ട്.