"കേരളത്തിലെ കോൺഗ്രസ് സർക്കാർ 'മൃദു ഹിന്ദുത്വ' പ്രവണതകൾ പ്രകടിപ്പിക്കുന്നു" : എം.എ. ബേബി

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് സർക്കാർ 'മൃദു ഹിന്ദുത്വ' പ്രവണതകൾ പ്രകടിപ്പിക്കുന്നുവെന്ന് സിപിഐ എം. ജനങ്ങളുടെ താൽപ്പര്യങ്ങൾക്കല്ല, മറിച്ച് കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾക്കായിട്ടാണ് അവർ കൂടുതൽ കൂടുതൽ പ്രവർത്തിക്കുന്നതെന്നും സിപിഐ എം ആരോപിച്ചു.മൂന്ന് ദിവസത്തെ പാർട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിൻ്റെ അവസാനം നടത്തിയ പത്രസമ്മേളനത്തിൽ, കോൺഗ്രസിലെ ചില വിഭാഗങ്ങൾ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അനുകൂലിക്കുന്നവരായി മാറുകയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശനെ പരാമർശിച്ചുകൊണ്ട്, കോൺഗ്രസിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള അടുപ്പത്തിൻ്റെ ലക്ഷണങ്ങൾ കേരളത്തിലും ദൃശ്യമാണെന്ന് അദ്ദേഹം ആരോപിച്ചു. "ആർഎസ്‌എസ് സൈദ്ധാന്തികൻ എം.എസ്. ഗോൾവാൾക്കറിന് ഒരു പൊതുപരിപാടിയിൽ ആദരാഞ്ജലി അർപ്പിച്ച കോൺഗ്രസ് നേതാവ് " എന്ന് കേരള മുഖ്യമന്ത്രിയെക്കുറിച്ച് പറയവേ ബേബി ഉദ്ധരിച്ചു.
ബിജെപിയുമായും ആർഎസ്‌എസുമായും സഖ്യമുണ്ടാക്കിയതായി ആരോപിക്കപ്പെടുന്ന വൈസ് ചാൻസലർമാരെ ഗവർണർ നിയമിച്ചപ്പോൾ സംസ്ഥാന സർക്കാർ മൗനം പാലിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. "ഉത്തരേന്ത്യയിലെന്നപോലെ, പല ഉന്നത കോൺഗ്രസ് നേതാക്കളും ഹിന്ദുത്വത്തോടും മനുവാദ് പ്രത്യയശാസ്ത്രത്തോടും മൃദുസമീപനം വെച്ചുപുലർത്തുന്നു . വി.ഡി. സതീശനിൽ ഇതിൻ്റെ ചില ലക്ഷണങ്ങൾ നമുക്ക് കാണാൻ കഴിയും," അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിൻ്റെ പൗരത്വ നയങ്ങൾക്കും, പ്രതിപക്ഷ പാർട്ടികളെ തകർക്കാനുള്ള 'ഓപ്പറേഷൻ ലോട്ടസ്' നീക്കങ്ങൾക്കുമെതിരെ എം എ ബേബിയാണ് ആഞ്ഞടിച്ചു. പശ്ചിമ ബംഗാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിൻ്റെ തിരിച്ചുവരവിന് വലിയ അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജൂലൈ 11 മുതൽ 13 വരെ നടന്ന കേന്ദ്ര കമ്മിറ്റി യോഗം അടുത്തിടെ സമാപിച്ച നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ പ്രകടനം വിശദമായി വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പോരായ്‌മകളും തന്ത്രങ്ങളിലെ പാളിച്ചകളും പരിഹരിക്കാൻ പാർട്ടി തിരുത്തൽ ആരംഭിക്കും. ഇതിൻ്റെ ഭാഗമായി ആഗസ്റ്റ് അവസാന വാരം പശ്ചിമ ബംഗാളിലും സെപ്റ്റംബർ രണ്ടാം വാരം കേരളത്തിലും സംസ്ഥാന കമ്മിറ്റി യോഗങ്ങൾ ചേരും. തൃണമൂൽ കോൺഗ്രസ് വലിയ പ്രതിസന്ധിയിലാണെന്നും ബംഗാളിലെ ജനങ്ങൾ ഒരു ബദൽ ശക്തിയെയാണ് ആഗ്രഹിക്കുന്നതെന്നും എം എ ബേബി ചൂണ്ടിക്കാട്ടി.
പൗരത്വ തർക്കവും ഡെമോഗ്രാഫിക് പാനലും
ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിൻ്റെ നിലപാടിനെ സി പി എം ശക്തമായി അപലപിച്ചു. വോട്ടർപട്ടിക പുതുക്കലും സി എ എ-എൻ ആർ സി (CAA-NRC) നടപടികളും സാധാരണക്കാരായ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കാൻ ഉപയോഗിക്കുമെന്നും പാർട്ടി കുറ്റപ്പെടുത്തി.കേന്ദ്ര സർക്കാർ രൂപീകരിച്ച ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ഉന്നതാധികാര കമ്മീഷനിൽ ഒരു ജനസംഖ്യാ ശാസ്ത്രജ്ഞൻ പോലും ഇല്ലെന്നും എം എ ബേബി ആരോപിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് രാജ്യത്ത് സാമൂഹിക ഭിന്നത ഉണ്ടാക്കാനും ബിജെപി ആർഎസ്എസ് അജണ്ട നടപ്പാക്കാനും വേണ്ടിയാണ് ഈ പാനൽ രൂപീകരിച്ചിരിക്കുന്നത്. ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തി സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണ് കേന്ദ്രം ഈ സമിതിയെ വെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ വേട്ടയും അയോധ്യയിലെ അഴിമതി ആരോപണവും
പ്രാദേശിക പാർട്ടികളിൽ നിന്ന് ജനപ്രതിനിധികളെ കൂറുമാറ്റി പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒപ്പിക്കാനാണ് ബി ജെ പി 'ഓപ്പറേഷൻ ലോട്ടസ്' വഴി ശ്രമിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി മാധ്യമ റിപ്പോർട്ടുകളുണ്ടെന്നും, ഇതിൽ സംഘപരിവാർ നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണമെന്നും സി പി എം ആവശ്യപ്പെട്ടു.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ജൂലൈ 20-ന് വിദ്യാർത്ഥികൾ നടത്തുന്ന പാർലമെൻ്റ് മാർച്ചിന് സി പി എം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പാർലമെൻ്റിൻ്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ ഈ വിഷയങ്ങളെല്ലാം ഉന്നയിക്കുമെന്നും എം എ ബേബി വ്യക്തമാക്കി.