ഡിഎംകെയുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത് : സ്‌റ്റാലിൻ വീണ്ടും കൊളത്തൂരിൽ

ഡിഎംകെയുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത് : സ്‌റ്റാലിൻ വീണ്ടും കൊളത്തൂരിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിഎംകെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്‌റ്റാലിൻ ചെന്നൈയിലെ തേനാംപേട്ടിലുള്ള പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ വച്ചാണ് പട്ടിക പുറത്തിറക്കിയത്.സ്ഥാനാർഥി പട്ടികയനുസരിച്ച് എം കെ സ്‌റ്റാലിൻ കൊളത്തൂർ നിയോജകമണ്ഡലത്തിൽ വീണ്ടും മത്സരിക്കും. ഉപമുഖ്യമന്ത്രിയായ ഉദയനിധി സ്‌റ്റാലിൻ ചെപ്പോക്ക്-തിരുവള്ളിക്കേനി നിയോജകമണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധി തേടും.

മന്ത്രിമാരായ അൻബിൽ മഹേഷ് പൊയ്യമൊഴി, തങ്കം തെന്നരശു, കെ കെ എസ് എസ് ആർ രാമചന്ദ്രൻ, ടി ആർ പി രാജ, സക്കരപാണി, ഗീതാ ജീവൻ, എം ആർ കെ പനീർശെൽവം, എസ് എസ് ശിവശങ്കർ, രാജകണ്ണപ്പൻ, പെരിയകറുപ്പൻ, ശേഖർബാബു, രാജേന്ദ്രൻ, മുത്തുസാമി, ആവടി നാസർ, തുടങ്ങിയവർക്കാണ് രണ്ടാമതും അവസരം നൽകിയിരിക്കുന്നത്.അതുപോലെ, ഡിഎംകെ ജില്ലാ സെക്രട്ടറിമാർക്കും നിലവിലെ ഡിഎംകെ എംഎൽഎമാരിൽ ഭൂരിഭാഗം പേർക്കും വീണ്ടും അവസരം നൽകിയിട്ടുണ്ട്. ഡിഎംകെയുടെ പോളിസി ഔട്ട്റീച്ച് ജോയിൻ്റ് സെക്രട്ടറി രാജീവ് ഗാന്ധി, ഡിഎംകെയുടെ സംസ്ഥാന വിദ്യാർഥി യൂണിയൻ സെക്രട്ടറി വീരമണി, മുൻ മന്ത്രി സെന്തിൽ ബാലാജി, മുൻ മന്ത്രി പൊൻമുടിയുടെ മകൻ ഗൗതമ സികാമണി എന്നിവർക്കും അവസരം ലഭിച്ചു.അതേസമയം, എഐഎഡിഎംകെയ്ക്ക് വേണ്ടി മത്സരിക്കുന്ന രണ്ടാം ഘട്ട സ്ഥാനാർഥികളുടെ പട്ടിക പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ഇന്നലെ പുറത്തിറക്കിയിരുന്നു. ആകെ 150 സീറ്റുകളിലേക്കുള്ള ലീഡ് സ്ഥാനാർഥികളെയാണ് എഐഎഡിഎംകെ പ്രഖ്യാപിച്ചത്. 17 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.വരും ദിവസങ്ങൽ മറ്റ് പാർട്ടികൾ അവരുടെ സ്ഥാനാർഥി പട്ടിക പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ നാം തമിഴർ കച്ചി 234 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. പാർട്ടി ഇതിനോടകം പ്രചാരണങ്ങളും സജീവമാക്കിയിട്ടുണ്ട്.തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 23 ന് ഒറ്റ ഘട്ടമായാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 30 നാണ്. ഫലപ്രഖ്യാപനം മെയ്‌ 4 നാണ്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഏപ്രിൽ 7 ന് നടക്കും, നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 9 ആണ്. സ്ഥാനാർഥികളുടെ അന്തിമ പട്ടിക ഏപ്രിൽ 9 ന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.