ബജറ്റിന് മുമ്പ് ഹൽവ വിളമ്പി ധനമന്ത്രി; ചരിത്രം കുറിക്കാൻ നിര്‍മലാ സീതാരാമൻ

ന്യൂഡൽഹി: തുടർച്ചയായ ഒൻപതാം ബജറ്റ് അവതരിപ്പിച്ച് ചരിത്രo സൃഷ്ടിക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലുള്ള 10 ബജറ്റുകൾ എന്ന റെക്കോഡിന് തൊട്ടടുത്തെത്താൻ നിർമല സീതാരാമന് സാധിക്കും. 1959-1964 കാലയളവിൽ ആറും, 1967-1969 കാലയളവിൽ നാലും ബജറ്റുകളാണ് ദേശായി അവതരിപ്പിച്ചത്.മുൻ ധനമന്ത്രിമാരായ പി. ചിദംബരം ഒൻപതും പ്രണബ് മുഖർജി എട്ടും ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിന് കീഴില്‍ തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന നേട്ടം നിർമല സീതാരാമന് സ്വന്തമാകും. 2019-ൽ രണ്ടാം മോദി സർക്കാർ അധികാരമേറ്റപ്പോഴാണ് ധനമന്ത്രിയായി നിര്‍മല നിയമിതയായത്. 2024-ൽ മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്നപ്പോഴും ധനമന്ത്രി പദവിയിൽ അവർ തുടർന്നു. 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉൾപ്പെടെ ഇതുവരെ എട്ട് ബജറ്റുകളാണ് അവർ അവതരിപ്പിച്ചത്.2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിൻ്റെ അവസാന ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പരമ്പരാഗത 'ഹൽവ ചടങ്ങ്' ചൊവ്വാഴ്ച നടന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. റൈസീന ഹില്ലിലെ നോർത്ത് ബ്ലോക്കിലായിരുന്നു ചടങ്ങ് നടന്നത്. ബജറ്റ് തയ്യാറാക്കുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഹൽവ വിളമ്പുന്നതാണ് ഈ ആചാരം. ഇതിനുപിന്നാലെ, ബജറ്റ് രഹസ്യസ്വഭാവം നിലനിർത്തുന്നതിനായി ഉദ്യോഗസ്ഥർ പുറംലോകവുമായി ബന്ധമില്ലാത്ത 'ലോക്ക്-ഇൻ' കാലയളവിലേക്ക് പ്രവേശിക്കും.
ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, വിവിധ വകുപ്പ് സെക്രട്ടറിമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഇത്തവണയും ബജറ്റ് പൂർണ്ണമായും പേപ്പർ രഹിതമായിരിക്കും.
എന്താണ് ഹല്‍വ ചടങ്ങ്?
കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിൽ പങ്കാളികളായ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമുള്ള ഒരു ഔദ്യോഗിക 'യാത്രയയപ്പ്' എന്ന നിലയിലാണ് ഹൽവ ചടങ്ങ് അറിയപ്പെടുന്നത്. ഈ ചടങ്ങിന് പിന്നാലെ ഉദ്യോഗസ്ഥർ 'ലോക്ക്-ഇൻ' കാലയളവിലേക്ക് പ്രവേശിക്കുന്നു. ബജറ്റ് രേഖകളുടെ അതീവ രഹസ്യസ്വഭാവം നിലനിർത്തുന്നതിനായി നോർത്ത് ബ്ലോക്കിൻ്റെ ബേസ്മെൻ്റിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഇവർ കഴിയുക.ധനമന്ത്രി ലോക്സഭയിൽ ബജറ്റ് പ്രസംഗം പൂർത്തിയാക്കിയാൽ മാത്രമേ ഇവർക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ. ബജറ്റിനായി അഹോരാത്രം പരിശ്രമിച്ച ജീവനക്കാരോടുള്ള നന്ദി സൂചകമായാണ് ഈ മധുരപലഹാരം വിളമ്പുന്നത്. 1980 മുതൽ 2020 വരെ ബജറ്റ് രേഖകൾ അച്ചടിച്ചിരുന്ന പ്രിൻ്റിങ് പ്രസ് നോർത്ത് ബ്ലോക്കിൻ്റെ ബേസ്മെൻ്റിലാണ് പ്രവർത്തിച്ചിരുന്നത്.
2021 മുതൽ ബജറ്റ് ഡിജിറ്റൽ ആയതോടെ അച്ചടിക്കുന്ന രേഖകളുടെ എണ്ണം ഗണ്യമായി കുറയുകയും വിതരണം മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ആവുകയും ചെയ്തു. ബജറ്റ് ഡിജിറ്റൽ ആയതോടെ ഉദ്യോഗസ്ഥരുടെ ലോക്ക്-ഇൻ കാലയളവിലും കുറവുണ്ടായിട്ടുണ്ട്. മുമ്പ് രണ്ടാഴ്ച വരെ നീണ്ടുനിന്നിരുന്ന ഈ ഏകാന്തവാസം ഇപ്പോൾ വെറും അഞ്ച് ദിവസമായി ചുരുങ്ങിയിട്ടുണ്ട്.
ഇന്ത്യൻ ബജറ്റ് ചരിത്രത്തിലെ പ്രധാന വിവരങ്ങൾ
ആദ്യ ബജറ്റ്: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് 1947 നവംബർ 26-ന് അന്നത്തെ ധനമന്ത്രിയായിരുന്ന ആർ.കെ. ഷൺമുഖം ഷെട്ടി അവതരിപ്പിച്ചു.
ഏറ്റവും കൂടുതൽ ബജറ്റുകൾ: മൊറാർജി ദേശായിയാണ് ഏറ്റവും കൂടുതൽ ബജറ്റുകൾ (10 എണ്ണം) അവതരിപ്പിച്ചത്. ജവഹർലാൽ നെഹ്റു, ലാൽ ബഹാദൂർ ശാസ്ത്രി എന്നിവരുടെ മന്ത്രിസഭകളിലായി എട്ട് പൂർണ ബജറ്റുകളും രണ്ട് ഇടക്കാല ബജറ്റുകളും അദ്ദേഹം അവതരിപ്പിച്ചു.മറ്റ് പ്രമുഖർ: പി. ചിദംബരം ഒൻപത് തവണയും, പ്രണബ് മുഖർജി എട്ട് തവണയും ബജറ്റ് അവതരിപ്പിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് 1991 മുതൽ 1995 വരെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.ദൈർഘ്യമേറിയ പ്രസംഗം: ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗത്തിൻ്റെ റെക്കോഡ് നിർമല സീതാരാമൻ്റെ പേരിലാണ്. 2020 ഫെബ്രുവരി ഒന്നിന് അവർ നടത്തിയ പ്രസംഗം 2 മണിക്കൂർ 40 മിനിറ്റ് നീണ്ടുനിന്നു.ഏറ്റവും ചുരുങ്ങിയ പ്രസംഗം: 1977-ൽ എച്ച്.എം. പട്ടേൽ അവതരിപ്പിച്ച ഇടക്കാല ബജറ്റാണ് ഏറ്റവും ചുരുങ്ങിയത് (വെറും 800 വാക്കുകൾ).
സമയത്തിലും തീയതിയിലും വന്ന മാറ്റങ്ങൾ
2017-ന് മുൻപ് വരെ ഇന്ത്യയിൽ ഫെബ്രുവരി മാസത്തെ അവസാന പ്രവൃത്തി ദിവസമായിരുന്നു കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാൽ 2017 മുതൽ ഇത് ഫെബ്രുവരി 1-ലേക്ക് മാറ്റി. ബ്രിട്ടീഷ് ഭരണകാലം മുതൽക്കേ ഫെബ്രുവരി അവസാനമായിരുന്നു ബജറ്റ് അവതരണം. 2017-ൽ നരേന്ദ്ര മോദി സർക്കാരാണ് ഈ 92 വർഷം പഴക്കമുള്ള സമ്പ്രദായം മാറ്റാൻ തീരുമാനിച്ചത്. ബ്രിട്ടീഷ് കീഴ്വഴക്കങ്ങളിൽ നിന്ന് മാറി ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചുള്ള ഒരു രീതി നടപ്പിലാക്കുക എന്നതായിരുന്നു ഇതിൻ്റെ ഒരു ലക്ഷ്യം.ഇന്ത്യയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്നത് ഏപ്രിൽ 1-നാണ്. ഫെബ്രുവരി അവസാനമാണ് ബജറ്റ് അവതരിപ്പിക്കുന്നത് എങ്കിൽ, പാർലമെൻ്റിലെ വിവിധ ചർച്ചകൾക്കും അംഗീകാരങ്ങൾക്കും ശേഷം ബജറ്റ് പൂർണ്ണമായി പാസാകാൻ മെയ് മാസമാകുമായിരുന്നു. ഫെബ്രുവരി 1-ന് ബജറ്റ് അവതരിപ്പിക്കുന്നത് വഴി മാർച്ച് 31-നകം ബജറ്റ് നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് സാധിക്കുന്നു. ഇതിലൂടെ ഏപ്രിൽ 1-ന് പുതിയ സാമ്പത്തിക വർഷം തുടങ്ങുമ്പോൾ തന്നെ ഓരോ വകുപ്പിനും കൃത്യസമയത്ത് പണം ലഭ്യമാക്കാൻ സാധിക്കും.