ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച്‌ രണ്ട് മരണം,നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച്‌  രണ്ട് മരണം,നൂറിലേറെ പേരെ രക്ഷപ്പെടുത്തി

നോയിഡ: റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ  ചാർജ് ചെയ്യുന്നതിലെ സുരക്ഷാ ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചുകൊണ്ട് ഉത്തർപ്രദേശിലെ നോയിഡയിൽ വൻ ദുരന്തം. നോയിഡ സെക്ടർ 66-ലെ മാമുര പ്രദേശത്തുള്ള ഒരു ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ ദാരുണമായി മരണപ്പെട്ടു. കടുത്ത പുക നിറഞ്ഞ കെട്ടിടത്തിൽ കുടുങ്ങിപ്പോയ നൂറിലധികം താമസക്കാരെ ഫയർ ഫോഴ്‌സും പോലീസും ചേർന്ന് അതിസാഹസികമായാണ് പുറത്തെത്തിച്ചത്.കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് നാടിനെ നടുക്കിയ ഈ അപകടമുണ്ടായത്.

രാത്രിയിൽ ചാർജ് ചെയ്യാനായി പ്ലഗ് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററിയുണ്ടായ പൊട്ടിത്തെറിയോടെയാണ് ദുരന്തത്തിന്റെ തുടക്കം എന്നാണ് പ്രാഥമിക വിവരം. സ്കൂട്ടറിന് പിടിച്ച ശക്തമായ തീ സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്കും അതിവേഗം പടരുകയായിരുന്നു. ഇതോടെ നിമിഷങ്ങൾക്കകം കെട്ടിടമാകെ കരിമ്പുകയാൽ മൂടപ്പെടുകയും മുകളിലെ നിലകളിലെ ഫ്ലാറ്റുകളിലേക്ക് പുക ആളിപ്പടരുകയും ചെയ്തു. ഉറക്കത്തിലായിരുന്ന താമസക്കാർ പുക ശ്വസിച്ച് ബോധരഹിതരാകുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.വിവരമറിഞ്ഞ് നിരവധി ഫയർ ടെൻഡറുകളുമായി പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് വിപുലമായ രക്ഷാപ്രവർത്തനം നടത്തിയത്. പുക നിറഞ്ഞ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തകർത്ത് നൂറിലധികം താമസക്കാരെ തീയണയ്ക്കുന്നതിനൊപ്പം സുരക്ഷിതമായി പുറത്തെത്തിച്ചു. പുക ശ്വസിച്ച് കടുത്ത അസ്വസ്ഥതകളുണ്ടായ നിരവധി പേരെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.