കർണ്ണാടക കൽബുർഗിയിൽ മൂന്ന് തടവുകാർ ജയിൽ ചാടി

കർണ്ണാടക കൽബുർഗിയിൽ മൂന്ന് തടവുകാർ ജയിൽ ചാടി

കൽബുർഗി: കർണാടകയിലെ കൽബുർഗി സെൻട്രൽ ജയിലിൽനിന്ന് മൂന്ന് തടവുകാർ സിനിമാ ശൈലിയിൽ മതിൽ ചാടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് അതീവ സുരക്ഷയുള്ള ജയിലിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവത്തിൽ ജയിൽ സൂപ്രണ്ട് ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.ബീദർ ജില്ലക്കാരായ മസ്താൻ എന്ന മാഷ (ബസവകല്യാൺ താലൂക്ക്), സന്തോഷ് മെത്രെ (ഔറദ് താലൂക്കിലെ സന്ത്പൂർ), സാഗർ ഭീമരായ (ബീദർ താലൂക്കിലെ ബക്കചൗഡി) എന്നിവരാണ് ജയിൽ ചാടിയത്. ഇതിൽ രണ്ടുപേർ കൊലപാതക കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണ്. മൂന്നാമത്തെയാൾ പോക്സോ കേസിൽ ഇരുപത് വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി.

അഞ്ചാം നമ്പർ ബാരക്കിലെ ശുചിമുറിയുടെ ഇരുമ്പ് ഗ്രിൽ മുറിച്ചുമാറ്റിയാണ് ഇവർ പുറത്തുകടന്നത്. തുടർന്ന് ജയിലിനുള്ളിൽ പുതിയ കെട്ടിട നിർമാണത്തിനായി കൊണ്ടുവന്ന ഏണി ഉപയോഗിച്ച് 20 അടി ഉയരമുള്ള ചുറ്റുമതിലിൽ കയറി. ഇതിനുശേഷം തങ്ങളുടെ ടി-ഷർട്ടുകളും തോർത്തുകളും കൂട്ടിക്കെട്ടി കയറുപോലെയാക്കി മതിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ ശരണപ്പ എസ്.ഡി. പറഞ്ഞു.വിവരമറിഞ്ഞയുടൻ സിറ്റി പൊലീസ് കമ്മിഷണർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ജയിൽ അധികൃതർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സയൻ്റിഫിക് അസിസ്റ്റൻ്റുമാരും ഉൾപ്പെടുന്ന സോക്കോ (SOCO) അന്വേഷണ സംഘവും തെളിവുകൾ ശേഖരിച്ചു. പ്രതികളെ പിടികൂടുന്നതിനായി മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഫർഹതാബാദ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും ജയിൽ ഉദ്യോഗസ്ഥരുടെയോ ജീവനക്കാരുടെയോ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയോ അനാസ്ഥയോ ഉണ്ടായതായി കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. ഐ.ജി.പിയെയും ബീദർ ജില്ലാ പൊലീസ് സൂപ്രണ്ടിനെയും വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ എ.ഡി.ജി.പി. അലോക് കുമാറിൻ്റെ നിർദേശപ്രകാരം ജയിൽ സൂപ്രണ്ട് ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിൽ സന്തോഷ് എന്ന പ്രതിയെ പിന്നീട് പൊലീസ് സാഹസികമായി പിടികൂടി. കപനൂർ വ്യവസായ മേഖലയിൽ വച്ച് പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച ഇയാളെ കാലിൽ വെടിവച്ചാണ് കീഴ്പ്പെടുത്തിയത്. മറ്റ് രണ്ടുപേർക്കായി അയൽ ജില്ലകളിലടക്കം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.


അടുത്തിടെ അഫ്സൽപൂർ പൊലീസ് സ്റ്റേഷനിൽ പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയും സമാനമായ രീതിയിൽ രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. ഈ സംഭവത്തിൻ്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് കലബുറഗി സെൻട്രൽ ജയിലിൽനിന്ന് മൂന്ന് തടവുകാർ കൂടി രക്ഷപ്പെട്ടത്. കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയുടെ സ്വന്തം ജില്ലയിൽ നടന്ന ഈ സംഭവം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിട്ടുണ്ട്.