വ്യോമസേനയും എഐ ക്യാമറകളും കാവൽ; 'ഇരുമ്പുകോട്ട കെട്ടി' നീറ്റ് പരീക്ഷ ഇന്ന്

ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചക്ക് പിന്നാലെ റദ്ദാക്കിയ നീറ്റ് യുജി 2026 പുനഃപരീക്ഷ ഇന്ന് നടക്കും. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി രാജ്യത്തുടനീളം വൻ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ 551 ഉം വിദേശത്തുള്ള 14 ഉം കേന്ദ്രങ്ങളിലുമായി 5,440 കേന്ദ്രങ്ങളിലായി 22.79 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്.നേരത്തെ നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നിരുന്നു. അത് ഉദ്യോഗാർഥികൾക്ക് വളരെ വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. കേന്ദ്രം ഇതിനെതിരെ കർശനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ പറഞ്ഞു. "ഉത്തരവാദികളായവർ ശിക്ഷ അനുഭവിക്കണം. ഉദ്യോഗാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതേണ്ടി വന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. ഈ പരീക്ഷയിൽ ക്രമക്കേടുകൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു" കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി നിർണ്ണയിക്കുന്ന നീറ്റ് പരീക്ഷ ഇത്തവണ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും കടുത്ത സുരക്ഷാ വലയത്തിൽ. കഴിഞ്ഞ തവണയുണ്ടായ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും പൂർണ്ണമായി ഇല്ലാതാക്കാൻ കനത്ത കാവലാണ് രാജ്യത്തുടനീളമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ചോദ്യപേപ്പർ എത്തിക്കുന്നത് മുതൽ പരീക്ഷാ ഹാളിനുള്ളിലെ നിരീക്ഷണം വരെ ഡിജിറ്റൽ യുഗത്തിലെ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് നിയന്ത്രിക്കുന്നത്.
ആകാശമാർഗ്ഗം ...
ചോദ്യപേപ്പർ കൊണ്ടുപോകുന്ന വഴിയിൽ യാതൊരുവിധ ചോർച്ചയും ഉണ്ടാകാതിരിക്കാൻ ഇത്തവണ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളിലാണ് രാജ്യത്തെ 18 പ്രധാന ഹബ്ബുകളിലേക്ക് ചോദ്യപേപ്പർ എത്തിച്ചത്. അവിടെനിന്നും ജി.പി.എസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളിൽ പൊലീസിൻ്റെ കനത്ത സുരക്ഷയോടെയാണ് ഇവ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
അൾട്രാ-ഹൈടെക് സുരക്ഷാ ക്രമീകരണങ്ങൾ ഒറ്റനോട്ടത്തിൽ:
- നിരീക്ഷണത്തിന് AI ക്യാമറകൾ: രാജ്യത്തെ 5,440 പരീക്ഷാ കേന്ദ്രങ്ങളിലായി 1.38 ലക്ഷത്തിലധികം സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലെ ദൃശ്യങ്ങൾ ഡൽഹിയിലെ എൻ.ടി.എ കൺട്രോൾ റൂമിലിരുന്ന് തത്സമയം നിരീക്ഷിക്കും. കൃത്രിമം കാണിക്കാൻ ശ്രമിച്ചാൽ കൃത്യമായി കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്.
- ആധാർ ബയോമെട്രിക് പരിശോധന: മറ്റൊരാൾക്ക് പകരം പരീക്ഷ എഴുതാൻ വരുന്ന 'ആൾമാറാട്ടം' തടയാൻ വിദ്യാർത്ഥികൾക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധനയും ഫേഷ്യൽ റെക്കഗ്നിഷനും (മുഖം തിരിച്ചറിയൽ) നിർബന്ധമാക്കിയിട്ടുണ്ട്.
- 51,000-ലധികം ജാമറുകൾ: പരീക്ഷാ ഹാളുകളിൽ മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ വഴി വിവരങ്ങൾ ചോർത്തുന്നത് തടയാൻ 51,311 ഉയർന്ന ശേഷിയുള്ള ജാമറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
- ടെലിഗ്രാം നിയന്ത്രണം: പരീക്ഷാ ക്രമക്കേടുകൾക്കും വ്യാജ ചോദ്യപേപ്പറുകൾ പ്രചരിപ്പിക്കുന്നതിനുമായി വലിയ ശൃംഖലകൾ ഉപയോഗിക്കുന്ന ടെലിഗ്രാം ആപ്പിന് സർക്കാർ താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
- 2 ലക്ഷത്തിലധികം ഉദ്യോഗസ്ഥരുടെ കാവൽ
പരീക്ഷ സുതാര്യമായി നടത്താൻ രണ്ട് ലക്ഷത്തിലധികം ഉദ്യോഗസ്ഥരെയാണ് രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്നത്. ഇതിൽ കേന്ദ്ര നിരീക്ഷകർ, ബയോമെട്രിക് ജീവനക്കാർ, മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നു. കൂടാതെ, വൻകിട മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾ പരീക്ഷാ തട്ടിപ്പ് സംഘങ്ങളുടെ ഭാഗമാകുന്നത് തടയാൻ പരീക്ഷാ ദിവസങ്ങളിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് അവധി നൽകരുതെന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.പരീക്ഷയെഴുതുന്ന 22 ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ സമാധാനത്തോടെയും സുരക്ഷിതമായും പരീക്ഷ എഴുതാനുള്ള എല്ലാ സൗകര്യങ്ങളും ഇത്തവണ ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പരീക്ഷയുടെ സമയക്രമം
- പരീക്ഷാ കേന്ദ്രത്തിൽ രാവിലെ 11:00 മണി മുതൽ ഉച്ചയ്ക്ക് 1:30 മണി വരെ മാത്രമായിരിക്കും പ്രവേശനം.
- ഉച്ചയ്ക്ക് 1:30-ന് ശേഷം എത്തുന്ന ഒരു വിദ്യാർത്ഥിയെയും ഒരു കാരണവശാലും അകത്തേക്ക് പ്രവേശിപ്പിക്കില്ല.
- ഇത്തവണ പരീക്ഷാ സമയം 15 മിനിറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട് (ആകെ 3 മണിക്കൂർ 15 മിനിറ്റ്).
കൊണ്ടുപോകേണ്ട രേഖകൾ
- അഡ്മിറ്റ് കാർഡ്
- ഫോട്ടോ ഐഡി: ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിന്റെ ഒറിജിനൽ.
- ഫോട്ടോകൾ: അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാൻ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ.
ഡ്രസ് കോഡ്
വസ്ത്രങ്ങൾ: പകുതി കൈയുള്ള , ലളിതമായ വസ്ത്രങ്ങൾ ധരിക്കുക. വലിയ ബട്ടണുകൾ, കട്ടിയുള്ള കമ്പ്രോയ്ഡറി വർക്കുകൾ, കൂടുതൽ പോക്കറ്റുകൾ ഉള്ള വസ്ത്രങ്ങൾ എന്നിവ ഒഴിവാക്കുക.
പാദരക്ഷകൾ: ലളിതമായ ചെരിപ്പുകൾ അല്ലെങ്കിൽ ഹീൽ കുറഞ്ഞ സാൻഡലുകൾ ഉപയോഗിക്കുക. ഷൂസുകൾ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
ആഭരണങ്ങൾ: മാല, കമ്മൽ, മൂക്കുത്തി, വളകൾ, മോതിരങ്ങൾ തുടങ്ങിയ ലോഹ ആഭരണങ്ങൾ ധരിക്കരുത്.
ആചാരപരമായ വസ്ത്രങ്ങൾ: ഹിജാബ്, കുർത്ത, തലപ്പാവ് തുടങ്ങിയ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നവർ സുരക്ഷാ പരിശോധനയ്ക്കായി ഉച്ചയ്ക്ക് 12:30-ന് മുൻപെങ്കിലും പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
ഹാളിൽ അനുവദിക്കാത്തവ
മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, കാൽക്കുലേറ്റർ, പേന, പെൻസിൽ, വാലറ്റ്, ബെൽറ്റ് എന്നിവ ഹാളിലേക്ക് കൊണ്ടുപോകാൻ പാടില്ല.
പേന പരീക്ഷാകേന്ദ്രത്തിൽ നിന്ന് സൗജന്യമായി നൽകും.
സുതാര്യമായ കുടിവെള്ള കുപ്പികൾ മാത്രം അനുവദിക്കും.
ബയോമെട്രിക് പരിശോധന.
പരീക്ഷയ്ക്ക് മുൻപ് വിദ്യാർത്ഥികളുടെ ബയോമെട്രിക് പരിശോധനയും മെറ്റൽ ഡിറ്റക്ടർ വഴിയുള്ള ശാരീരിക പരിശോധനയും ഉണ്ടായിരിക്കും.