ജനങ്ങൾക്കൊപ്പം കൊൽക്കത്തയിൽ യോഗാദിന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി

കൊൽക്കത്ത: അന്താരാഷ്ട്ര യോഗ ദിനത്തിൽ, പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നടന്ന മുഖ്യ ചടങ്ങിന് നേതൃത്വO നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി . റെഡ് റോഡിൽ രാവിലെ തന്നെ ആരംഭിച്ച ചടങ്ങിൽ ആയിരക്കണക്കിന് ആളുകളാണ് യോഗാഭ്യാസത്തിനായി ഒത്തുചേർന്നത്.
‘ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ’ എന്ന സന്ദേശമാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം മുന്നോട്ട് വെക്കുന്നത്. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ അത് എങ്ങനെ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി യുവാക്കൾക്ക് നിർദ്ദേശങ്ങൾ നൽകി. ശരീരത്തെയും മനസ്സിനെയും ഒരുപോലെ സജ്ജമാക്കാൻ യോഗയ്ക്ക് കഴിയുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ രാജ്യത്തെ 100 പ്രധാന ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളിൽ പ്രത്യേക യോഗാ പരിശീലനങ്ങൾ നടക്കുന്നുണ്ട്. ഡൽഹിയിലെ ചെങ്കോട്ട, ഹരിദ്വാർ, ഒഡീഷയിലെ കൊണാർക്ക്, മഹാബലിപുരം തുടങ്ങിയ ഇടങ്ങൾ യോഗാഭ്യാസത്തിന്റെ വേദികളായി മാറി. കേരളത്തിലെ എല്ലാ ജില്ലകളിലും വിപുലമായ യോഗാദിന ആഘോഷങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.