വെനസ്വേലയിൽ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ വഴി സഹായഹസ്തവുമായി ഇന്ത്യ

ന്യുഡൽഹി :വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി ഉയർന്നു. ദുരന്തത്തിൽ ഇതുവരെ എഴുപതിനായിരത്തോളം പേരെ കാണാതായതായാണ് സൂചനകൾ വ്യക്തമാക്കുന്നത്. ലാ ഗ്വയ്റയിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയാണ്.

ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ, ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യ രക്ഷാഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്.വെനിസ്വേലയെ സഹായിക്കാനായി ഇന്ത്യ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ എന്ന പേരിൽ അടിയന്തര മെഡിക്കൽ സംഘത്തെ അയച്ചതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യൻ മെഡിക്കൽ സംഘം ഇതിനോടകം തന്നെ വെനസ്വേലയിൽ എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലാണ് വെനിസ്വേലയിലേക്ക് സഹായമെത്തിച്ചത്. ഇന്ത്യൻ ആർമിയുടെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ നിന്നുള്ള 41 അംഗ വിദഗ്ദ്ധ സംഘമാണ് ഈ ദൗത്യത്തിലുള്ളത്. ഇതിൽ 9 മെഡിക്കൽ ഓഫീസർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്നു.
സ്പാനിഷ് ഭാഷയിൽ ‘സൗഹൃദം’ എന്ന് അർത്ഥം വരുന്ന ‘അമിസ്റ്റാഡ്’ എന്ന പേരിലുള്ള ഈ ദൗത്യത്തിലൂടെ 35 ടണ്ണിലധികം വരുന്ന അടിയന്തര ജീവൻരക്ഷാ മരുന്നുകൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, താൽക്കാലിക അഭയകേന്ദ്രങ്ങൾ ഒരുക്കാനുള്ള സാമഗ്രികൾ എന്നിവയാണ് ഇന്ത്യ കൈമാറിയത്. കൂടാതെ ദുരന്തമുഖങ്ങളിൽ മിനിറ്റുകൾക്കകം സജ്ജീകരിക്കാൻ കഴിയുന്ന രണ്ട് അത്യാധുനിക പോർട്ടബിൾ മൊബൈൽ ആശുപത്രി യൂണിറ്റുകളും വെനസ്വേലയിലെത്തിച്ചിട്ടുണ്ട്. വെനിസ്വേലയിലെ ജനങ്ങൾ നേരിടുന്ന ഈ കഠിനമായ സാഹചര്യത്തിൽ ഇന്ത്യ അവർക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നുവെന്നും ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ രാജ്യം സന്നദ്ധമാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.