നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രതിനിധികൾ കേരള മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം/ മുംബൈ : നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ളയുടെയും വർക്കിംഗ് പ്രസിഡന്റ് ജയപ്രകാശ് നായരുടെയും മാർഗനിർദേശപ്രകാരം സംഘടനയുടെ പ്രതിനിധി സംഘം തിരുവനന്തപുരത്തെ കേരള മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു . ജനറൽ സെക്രട്ടറി ശ്രീ. അനൂപ് പുഷ്പാംഗതൻ, വൈസ് പ്രസിഡന്റ് ശ്രീ. വിശ്വനാഥൻ പിള്ള, കമ്മിറ്റി അംഗം അനിൽ ഓച്ചിറ എന്നിവർ ഉൾപ്പെട്ട പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
മഹാരാഷ്ട്രയിലെ പ്രവാസി മലയാളികളുടെ പേരിൽ അഭിനന്ദനങ്ങൾ അറിയിച്ചശേഷം നടന്ന കൂടിക്കാഴ്ചയിൽ മഹാരാഷ്ട്രയിലെ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. യാത്രാസൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനവും പിന്തുണയും, അന്തർസംസ്ഥാന വ്യാപാര-വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികൾക്ക് സർക്കാർ തലത്തിൽ ലഭ്യമാക്കാവുന്ന സഹായങ്ങളും സഹകരണ സാധ്യതകളും പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു.പ്രവാസി മലയാളികളുടെ ക്ഷേമത്തിനും അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനും കേരള സർക്കാർ പ്രതിബദ്ധമാണെന്ന് മുഖ്യമന്ത്രി പ്രതിനിധി സംഘത്തെ അറിയിച്ചു. മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക പുരോഗതിക്കായി സർക്കാർ ശക്തമായ പിന്തുണയും സഹകരണവും തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പ്രവാസി സമൂഹത്തിന്റെ ശബ്ദം ഭരണനേതൃത്വത്തിന്റെ ശ്രദ്ധയിൽ എത്തിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും കൂടുതൽ പരിഗണന ലഭ്യമാക്കുന്നതിനും ഈ കൂടിക്കാഴ്ച നിർണായകമായ ഒരു ചുവടുവെപ്പാണെന്ന് NMCA പ്രതിനിധികൾ അഭിപ്രായപ്പെട്ടു. കേരളത്തോടും മാതൃഭൂമിയോടുമുള്ള പ്രവാസി മലയാളികളുടെ ആത്മബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിന്റെ സമഗ്ര വികസനത്തിന് പുതിയ സാധ്യതകൾ തുറന്നുകൊടുക്കുന്നതിനും ഈ സന്ദർശനം പ്രചോദനവും പ്രത്യാശയും പകരുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും ആശങ്കകളും ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള ഇത്തരം ക്രിയാത്മക ഇടപെടലുകൾ ഭാവിയിലും തുടരുമെന്നും അവർ അറിയിച്ചു.