വനിതാമന്ത്രിമാർക്കെതിരെ ജനം വിധിയെഴുതി: കേരള നിയമസഭയില്‍ ഇത്തവണ 11 വനിതകള്‍

വനിതാമന്ത്രിമാർക്കെതിരെ  ജനം  വിധിയെഴുതി:   കേരള  നിയമസഭയില്‍  ഇത്തവണ 11 വനിതകള്‍

തിരുവനന്തപുരം: യുഡിഎഫ് തരംഗം ആഞ്ഞടിച്ച കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പതിനൊന്ന് വനിതകള്‍. യുഡിഎഫില്‍ നിന്ന് 9 പേരും എല്‍ഡിഎഫില്‍ നിന്ന് 2പേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രിമാരായ 3 വനിതകളും വീണ്ടും സഭ കാണാനാകാതെ ദയനീയമായി പരാജയപ്പെട്ടു. വീണാ ജോര്‍ജ്, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി എന്നിവരാണ് പരാജയപ്പെട്ട വനിതാ മന്ത്രിമാര്‍. ഇക്കുറി 48 വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ വനിതകളെ മത്സരിപ്പിച്ചത് എല്‍ഡിഎഫും എന്‍ഡിഎയുമാണ്. പതിനെട്ട് വനിതകളെ വീതമാണ് ഇരുകൂട്ടരും മത്സരിപ്പിച്ചത്. യുഡിഎഫ് പന്ത്രണ്ട് സ്ഥാനാര്‍ഥികളെയും മത്സരത്തിലിറക്കി. മുന്‍വര്‍ഷത്തിലെ പതിനൊന്ന് വനിതാ എംഎല്‍എമാര്‍ എന്ന അക്കത്തില്‍ തന്നെയാണ് ഇക്കുറിയും തൊട്ടിരിക്കുന്നത്. എന്‍ഡിഎയുടെ പ്രതിനിഥികളായി മത്സരിച്ച വനിതകള്‍ എണ്ണത്തില്‍ കൂടുതലായിരുന്നുവെങ്കിലും ആര്‍ക്കും വിജയം നേടാനായില്ല.

ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ്, കൊല്ലത്ത് ബിന്ദു കൃഷ്ണ, അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍, തൃക്കാക്കരയില്‍ ഉമാ തോമസ്, കോങ്ങാട് കെ.എ. തുളസി, എലത്തൂരില്‍ വിദ്യാ ബാലകൃഷ്ണന്‍, പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയ, വടകരയില്‍ കെ.കെ. രമ, മാനന്തവാടിയില്‍ ഉഷാ വിജയന്‍ എന്നിവരാണ് വിജയിച്ച യുഡിഫ് വനിതാ സ്ഥാനാര്‍ഥികള്‍.ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഒഎസ് അംബികയും നാട്ടികയില്‍ നിന്ന് മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീതാ ഗോപിയുമാണ് ജയിച്ച രണ്ട് എല്‍ഡിഎഫ് നേതാക്കള്‍. 7,093 വോട്ടുകളോടെയാണ് ഗീതയുടെ വിജയം. 13375 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഒ.എസ് അംബികയും വിജയിച്ചു.