ജയിജയകുമാറിൻ്റെ ഹൃദയ സ്‌പന്ദനം ഏറ്റുവാങ്ങി 15കാരി ജീവിതത്തിലേക്ക് ; ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടര്‍

ജയിജയകുമാറിൻ്റെ ഹൃദയ സ്‌പന്ദനം ഏറ്റുവാങ്ങി  15കാരി ജീവിതത്തിലേക്ക് ;  ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടര്‍

എറണാകുളം: കിളിമാനൂർ സ്വദേശി ജയിജയകുമാറിൻ്റെ പകുത്തുനൽകിയ ഹൃദയം മലപ്പുറം സ്വദേശിനിയായ പതിനഞ്ചുകാരിയിൽ വിജയകരമായി തുടിച്ചുതുടങ്ങി. കൊച്ചി ലിസി ആശുപത്രിയിൽ നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ലിസി ആശുപത്രി കാർഡിയോളജി വിഭാഗം വക്താവ് രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് വർഷം മുൻപാണ് മലപ്പുറം സ്വദേശിനിയായ പെൺകുട്ടിക്ക് ഹൃദയസംബന്ധമായ തകരാറുകൾ കണ്ടെത്തിയത്. ഹൃദയത്തിൻ്റെ വലതുവശത്തെ അറകൾ ക്രമാതീതമായി വികസിക്കുന്ന അപൂർവ്വമായ അസുഖമായിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നത്. ഹൃദയം മാറ്റിവയ്ക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്‌ടർമാർ നിർദേശിച്ചതിനെ തുടർന്നാണ് കുടുംബം ലിസി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. കഴിഞ്ഞ മാസം സംസ്ഥാന സർക്കാർ സംവിധാനമായ കെ- സോട്ടോയിൽ അവയവ മാറ്റത്തിനായി പേര് രജിസ്റ്റർ ചെയ്‌തിരുന്നു.എന്നാൽ എത്രയും വേഗം ഹൃദയം ലഭ്യമാക്കാനുള്ള സാധ്യതകൾ തേടി കുടുംബം ചെന്നൈയിലെ ആശുപത്രിയിലേക്ക് ചികിത്സ മാറ്റിയിരുന്നു. ഇതിനിടെയാണ് ബുധനാഴ്‌ച രാത്രിയോടെ കെ- സോട്ടോയിൽ നിന്നും അവയവദാനത്തിൻ്റെ അറിയിപ്പ് ലഭിക്കുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ കുട്ടിയും മാതാപിതാക്കളും വിമാനമാർഗം ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തി. തുടർന്ന് അതി വേഗത്തിലാണ് അവയവം എത്തിക്കാനുള്ള നീക്കങ്ങൾ നടന്നത്.വ്യാഴാഴ്‌ച പുലർച്ചെ നാല് മണിയോടെ ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. അരുൺ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. മസ്‌തിഷ്‌ക മരണം സംഭവിച്ച ജയിജയകുമാറിൻ്റെ ഹൃദയവുമായി സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിൽ സംഘം ഉച്ചയ്ക്ക് 1.45-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. 2.40-ന് കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻ്റ് ഹയാത്ത് ഹെലിപ്പാഡിൽ ഹെലികോപ്റ്റർ ഇറങ്ങി.

അവിടെ നിന്നും പൊലീസ് സേന ഒരുക്കിയ ഗ്രീൻ കോറിഡോറിലൂടെ വെറും നാല് മിനിറ്റ് കൊണ്ട് ഹൃദയം ലിസി ആശുപത്രിയിലെത്തിച്ചു. പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്‌ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിൻ്റെ നേതൃത്വത്തിൽ ഉടൻ തന്നെ ശസ്ത്രക്രിയ ആരംഭിച്ചു. വൈകുന്നേരം 5.30-ഓടെ കുട്ടിയുടെ ശരീരത്തിൽ ഹൃദയം സ്‌പന്ദിച്ചു തുടങ്ങുകയും രാത്രി 9 മണിയോടെ ശസ്ത്രക്രിയ പൂർണമായും പൂർത്തിയാവുകയും ചെയ്‌തു.ശസ്ത്രക്രിയ കഴിഞ്ഞാലുള്ള ആദ്യ 48 മണിക്കൂർ അതീവ നിർണായകമാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം വ്യക്തമാക്കി. നിലവിൽ കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

ലിസി ആശുപത്രിയിൽ നടന്ന 32-ാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. ഇതിൽ ഒൻപത് തവണയും വ്യോമമാർഗമാണ് ഹൃദയം എത്തിച്ചത്.സർക്കാർ തികച്ചും സൗജന്യമായാണ് ഹെലികോപ്റ്റർ സേവനം വിട്ടുനൽകിയത്. ജയിജയകുമാറിൻ്റെ കുടുംബത്തിൻ്റെ മഹത്തായ തീരുമാനത്തിലൂടെ ഒരു കൗമാരക്കാരിക്ക് ലഭിച്ചത് പുതുജീവിതമാണ്. ഡോ. ജേക്കബ് എബ്രഹാം, ഡോ. ഭാസ്‌ക്കർ രംഗനാഥൻ, ഡോ. പി. മുരുകൻ തുടങ്ങി വലിയൊരു മെഡിക്കൽ സംഘം ഈ ദൗത്യത്തിൽ പങ്കാളികളായി.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ (35) അവയവങ്ങളാണ് 5 പേർക്ക് പുതുജീവൻ നൽകാനായി ദാനം ചെയ്തത്. ജയി ജയകുമാറിൻ്റെ  ഹൃദയം, കരൾ, രണ്ട് വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം നൽകിയത്..

സമയം അതിനിർണ്ണായകമായതിനാൽ എയർ ആംബുലൻസ് വഴിയാണ് ഹൃദയം കൊച്ചിയിലെത്തിച്ചത് . മറ്റ് അവയവങ്ങൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് നൽകും..സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ 'മൃതസഞ്ജീവനി' വഴിയാണ് മുഴുവൻ പ്രക്രിയകളും ഏകോപിപ്പിക്കുന്നത്. അവയവങ്ങൾ കൊണ്ടുപോകുന്നതിനായി ഗ്രീൻ ചാനൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പോലീസ് ഒരുക്കിയിരുന്നു