"4 പേരെ തല്ലിക്കൊന്നു!!" : കൊല്ലത്തെ അഭയകേന്ദ്രത്തെക്കുറിച്ച്‌ അന്തേവാസികളുടെ ആരോപണം

"4 പേരെ തല്ലിക്കൊന്നു!!" : കൊല്ലത്തെ അഭയകേന്ദ്രത്തെക്കുറിച്ച്‌ അന്തേവാസികളുടെ  ആരോപണം

കൊല്ലം: അഭയകേന്ദ്രത്തിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അന്തേവാസികള്‍. വയോജന അഭയകേന്ദ്രത്തില്‍ നാല് അന്തേവാസികളെ തല്ലിക്കൊന്നെന്ന ആരോപണവുമായി രണ്ട് സ്‌ത്രീകള്‍ രംഗത്ത് എത്തി. കൊല്ലം തെന്‍മല പുനര്‍ജ്ജനി അഭയകേന്ദ്രത്തെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കേന്ദ്രത്തിലെ അന്തേവാസികളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സ്ഥാപന ഉടമ അഞ്ചല്‍ അഗസ്‌ത്യകോട് ബ്രഹ്‌മദാസ്(52)നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.അഭയകേന്ദ്രത്തിലെ അന്തേവാസികളായ രണ്ട് വയോധികരാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എഴുപതും 72ഉം വയസുള്ളവരാണ് പരാതിക്കാര്‍. തങ്ങള്‍ക്കും ക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെന്നും ഇവര്‍ പറയുന്നു.രാത്രിയിൽ തങ്ങൾക്ക് മദ്യം നൽകാൻ ശ്രമിക്കുകയും വസ്ത്രങ്ങൾ അഴിച്ച് മർദ്ദിക്കുകയും പീഡിപ്പിക്കുകയും ആയിരുന്നു. എതിർക്കുമ്പോൾ രണ്ടുപേരെയും കയറിൽ കെട്ടിത്തൂക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.കഴിഞ്ഞദിവസം ബ്രഹ്മദാസ് പുറത്തുപോയ സമയം നോക്കി ഇരുവരും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സ്ഥാപനത്തിൽ നിന്നും പുറത്തുവന്ന സമയം നാട്ടുകാരിയായ സ്ത്രീ തടഞ്ഞുനിർത്തി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തങ്ങള്‍ ചാകാന്‍ പോകുവാണെന്ന് തന്നോട് ഈ സ്‌ത്രീകള്‍ പറഞ്ഞതായി നാട്ടുകാരി പറഞ്ഞു. താന്‍ തന്‍റെ വീട്ടിലേക്ക് ഇവരെ കൊണ്ടുപോയി. ഭാര്യ ഉള്ളപ്പോഴാണ് നാല് പേരെ കൊന്നതെന്നും ഇവര്‍ പറയുന്നു. താന്‍ കണ്ടതാണെന്നും ഇവര്‍ പറയുന്നു. ആറുമാസമായി തങ്ങളെ പീഡിപ്പിക്കുന്നതായി ഇവര്‍ പറയുന്നു.അയല്‍ വീട്ടിലെ ഒരു സ്‌ത്രീയില്‍ നിന്ന് നൂറ് രൂപ വാങ്ങിയാണ് തങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും മറ്റൊരു സ്‌ത്രീ പറഞ്ഞു. രണ്ട് ലക്ഷം രൂപയും മാലയും കമ്മലും പ്രദീപിന്‍റെ ഭാര്യ തന്‍റെ കയ്യില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്നും അത് തിരികെ വേണമെന്നും ഇവര്‍ പറയുന്നു.

നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചതോടെ തെന്മല പൊലീസും സ്ഥലത്തെത്തി അന്തേവാസികളുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് ബ്രഹ്മദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആവശ്യമായ നിയമ നടപടി സ്വീകരിച്ച് അന്തേവാസികളെ മാറ്റിപ്പാർപ്പിക്കുമെന്ന് തെന്മല പഞ്ചായത്ത് പ്രസിഡന്‍റ് ശോഭ സതീശൻ പറഞ്ഞു.2018 ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ മൂന്നു സ്ത്രീകളും ഒന്‍പത് പുരുഷന്മാരും ഉൾപ്പെടെ 12 അന്തേവാസികൾ ആണുള്ളത്. ബ്രഹ്മദാസിന്‍റെ ഭാര്യയാണ് സ്ഥാപനം നടത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ ഏപ്രിൽ 25ന് ഭാര്യ മരിച്ചതോടെ ബ്രഹ്മദാസ് ആണ് സ്ഥാപനം നോക്കി നടത്തുന്നത്. അതിനുശേഷം ആണ് സ്ത്രീകളായ വയോധികർക്ക് ക്രൂരമായ പീഡനം ഏൽക്കേണ്ടിവന്നത്.