പൊള്ളാച്ചിയിലെ വാഹനാപകടത്തില്‍ 9 മലയാളികള്‍ മരിച്ചു, 8പേർക്ക് ഗുരുതര പരിക്ക്

പൊള്ളാച്ചിയിലെ വാഹനാപകടത്തില്‍ 9 മലയാളികള്‍ മരിച്ചു, 8പേർക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂർ : പൊള്ളാച്ചിയിലെ വാഹനാപകടത്തില്‍ ഒന്‍പത് മലയാളികള്‍ മരിച്ചു. വാൽപ്പാറയിലെ പതിമൂന്നാം വളവിൽ ഒരു വാൻ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരണ സംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ടുണ്ട്. മലപ്പുറം ജില്ലയിലെ പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അധ്യാപകര്‍ക്കൊപ്പം ചിലരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. അതിരപ്പിള്ളി ഭാഗത്ത് നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്നു വാഹനം. മരിച്ചവരിൽ 7 സ്‌ത്രീകളാണ്. വാഹനം പൂർണ്ണമായും തകർന്നു.

1.അജിത 54 ( ഹെഡ് മിസ്ട്രസ്) - പുലാമന്തോൾ സ്വദേശി

2.റംല 52 - അധ്യാപിക - പാങ്ങ് സ്വദേശി

3.സുഹറ 43 - അധ്യാപിക - പാങ്ങ് സ്വദേശി

4.ആശ 41 - അധ്യാപിക - പാങ്ങ് സ്വദേശി

5.മജീദ് 43 - അധ്യാപകൻ - പാങ്ങ് സ്വദേശി

6.സാജിത 45 - അധ്യാപിക - പാങ്ങ് സ്വദേശി

7.ഷക്കീല 37 - GUPS പാങ്ങ് - അധ്യാപിക

8.നൗഷാദ് 39 - ഡ്രൈവർ

9.റുഖിയ 39 എന്നിവരാണ് അപകടത്തില്‍ പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിൽ നിന്നുള്ള 16 പേർ അടങ്ങുന്ന സംഘം ടൂറിസ്റ്റ് വാനിൽ വാൽപ്പാറയിലേക്ക് വന്നത്. വാൽപ്പാറയിൽ പര്യടനം നടത്തിയ ശേഷം ഇന്ന് വൈകുന്നേരം പൊള്ളാച്ചി വഴി കേരളത്തിലേക്ക് വാനിൽ മടങ്ങുകയായിരുന്നു. വാൽപ്പാറ മലയോര റോഡിലെ പതിമൂന്നാം കൊണ്ടൈ ആയു വളവിൽ ഡ്രൈവർക്ക് വാനിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

വാനിലുണ്ടായിരുന്ന 16 പേരിൽ 8 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചതായുമാണ് പ്രാഥമിക വിവരം. അപകടത്തിൽ ടൂറിസ്റ്റ് വാൻ പൂർണമായി തകർന്നു. യാത്രക്കാരും പൊതുജനങ്ങളും വലിയ ഭീതിയിലായി. മരിച്ചവരുടെ മൃതദേഹങ്ങളും പൊലീസും അഗ്നിശമന സേനയും ചേർന്ന് പുറത്തെടുത്തു.