ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കാൻ ഒൻപതംഗ ബെഞ്ച് രൂപീകരിച്ചു

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കാൻ ഒൻപതംഗ ബെഞ്ച് രൂപീകരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഏപ്രിൽ ഏഴിനാണ് വാദം കേൾക്കൽ ആരംഭിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ബിവി നാഗരത്ന, എംഎം സുന്ദരേഷ്, അഹ്സാനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, എജി മസിഹ്, ആർ മഹാദേവൻ, പ്രസന്ന ബി വരാലെ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുക. ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസാണ് ബിവി നാഗരത്ന.
ആറ് വർഷമായി കേസിൽ യാതൊരു തുടർ നടപടികളും ഉണ്ടായിരുന്നില്ല. എന്നാൽ കേസ് കോടതി വീണ്ടും പരിഗണിച്ചതോടെയാണ് ശബരിമല ക്ഷേത്ര പുനഃപരിശോധനാ ഹർജി കേൾക്കാൻ ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിക്കുന്നതായി സുപ്രീം കോടതി ശനിയാഴ്ച ഔദ്യോഗികമായി അറിയിച്ചത്.ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ വിധി പുനഃപരിശോധിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് ബെഞ്ച് പരിഗണിക്കുക. കേസിൽ ഏപ്രിൽ 22-നകം വാദം അവസാനിക്കുമെന്നാണ് കരുതുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിൻ്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് ഫെബ്രുവരിയിൽ വാദം കേൾക്കുന്നതിനുള്ള നടപടിക്രമ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുമ്പോൾ തന്നെ നിയമത്തിലെ ചോദ്യങ്ങൾ സംബന്ധിച്ച് എതിർപ്പുകൾ 2020 ഫെബ്രുവരിയിൽ അന്തിമമായി തീർപ്പാക്കിയിരുന്നു. എന്നാൽ തുടർ നടപടികള്‍ ഒരു വലിയ ബെഞ്ചിലേക്ക് റഫർ ചെയ്യാൻ അധികാരമുണ്ടെന്ന് കോടതി വിധിക്കുകയായിരുന്നു. കേസിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത, കേന്ദ്രം പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്നുവെന്നും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ ക്ഷേത്ര പ്രവേശനത്തെ ഫലപ്രദമായി എതിർക്കുന്നുവെന്നും വാദിച്ചിരുന്നു.
2020 ഫെബ്രുവരിയിലെ ഉത്തരവ് ഏഴ് വലിയ ഭരണഘടനാ ചോദ്യങ്ങളാണ് ഉന്നയിച്ചത്, അവയിൽ ആർട്ടിക്കിൾ 25 ഉം 26 ഉം പ്രകാരമുള്ള മതസ്വാതന്ത്ര്യം "ഭരണഘടനാപരമായ ധാർമ്മികത" എന്ന പദപ്രയോഗം നിർവചിക്കേണ്ടതിൻ്റെ ആവശ്യകത, പ്രത്യേക മതപരമായ ആചാരങ്ങളെക്കുറിച്ച് കോടതികൾക്ക് എത്രത്തോളം അന്വേഷിക്കാൻ കഴിയും, ആർട്ടിക്കിൾ 25 പ്രകാരം "ഹിന്ദുക്കളുടെ വിഭാഗങ്ങൾ" എന്നതിൻ്റെ അർഥം, ഒരു വിഭാഗത്തിൻ്റെ മതപരമായ ആചാരങ്ങള്‍ ആർട്ടിക്കിൾ 26 പ്രകാരം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നുമാണ് പ്രധാന ചോദ്യങ്ങള്‍.കൂടാതെ പ്രത്യേക വിവാഹ നിയമപ്രകാരം മറ്റൊരു വിശ്വാസത്തിലുള്ള ഒരാളെ വിവാഹം കഴിച്ചതിന് ശേഷവും ഒരു പാഴ്സി സ്ത്രീ തൻ്റെ മതപരമായ ഐഡൻ്റിറ്റി നിലനിർത്തുന്നുണ്ടോ എന്ന് ഒമ്പത് ജഡ്ജിമാരുടെ ബെഞ്ച് കൂടുതൽ പരിശോധിക്കും. ഇത് വ്യക്തിപരമായ വിശ്വാസത്തിനും ഭരണഘടനാ ഉറപ്പുകൾക്കും ഇടയിലുള്ള അതിരുകൾ ഉൾക്കൊള്ളുന്ന മറ്റൊരു തർക്കമാണ്. മതപരമായ കാര്യങ്ങളിൽ ജുഡീഷ്യൽ പരിശോധനയുടെ പരിധികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ബെഞ്ച് വിധി പറയും.