20 വർഷത്തെ ജയിൽ വാസത്തിന് ശേഷം അബ്‌ദുൽ റഹീം ജയിൽ മോചിതനായി,

കോഴിക്കോട് /റിയാദ് : സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയാദില്‍ ജയിലില്‍ കഴിയുകയായിരുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്‌ദുൽ റഹീം ജയിൽ മോചിതനായി. 20 വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് അബ്‌ദുൽ റഹീമിന്‍റെ മോചനം. റഹീമിന്‍റെ എക്‌സിറ്റ് വിസയിൽ സൗദി അധികൃതർ ഒപ്പുവെക്കുകയും എക്‌സിറ്റ് ഉത്തരവ് പുറത്തിറങ്ങുകയും ചെയ്‌തതായി റഹിം മോചന കൂട്ടായ്‌മയിലെ അഷ്റഫ് വേങ്ങാട്ട് പറഞ്ഞു. എമിഗ്രേഷൻ നടപടികൾ പൂർത്തിയായി റഹീം നാട്ടിലേക്ക് എത്താൻ സമയമെടുക്കും എന്നും അദ്ദേഹം അറിയിച്ചു.
20 വർഷം നീണ്ട ജയിൽവാസം മെയ് 20 ന് അവസാനിച്ചിരുന്നു. ശിക്ഷാകാലാവധി 20ന് അവസാനിക്കുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പെട്ടെന്നു നാട്ടിലേക്ക് പുറപ്പെടാനാകും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇന്നാണ് റഹീം പുറത്തിറങ്ങിയത്.രണ്ടു പതിറ്റാണ്ടായി മകനെ കാത്തിരിക്കുന്ന കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്തെ ഉമ്മ ഫാത്തിമയ്ക്ക് ഇനി സ്വപ്‌ന സാഫല്യത്തിന്‍റെ നിമിഷങ്ങളാണ്. റഹീം നാട്ടിലേക്കു വരുന്നതു കാത്തിരിക്കുകയാണു ബന്ധുക്കളും നാട്ടുകാരും. മകനെ ഒന്ന് കണ്ടാൽ മതിയെന്ന ചിന്ത മാത്രമാണ് ഫാത്തിമക്കുള്ളതെന്ന് റഹിം മോചന കൂട്ടായ്‌മയിലെ അഷ്റഫ് വേങ്ങാട്ട് പറഞ്ഞു. മരിക്കും മുമ്പേ മകനെ കാണണമെന്നാണ് അവർ എപ്പോഴും പറയുന്നത്.
സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദു റഹ്മാൻ അൽശഹ്റിയുടെ 15 വയസ്സുള്ള മകൻ മരിച്ച സംഭവത്തിൽ പബ്ലിക്റൈറ്റ്സ് കേസിൽ 20 വർഷത്തെ തടവു ശിക്ഷയായിരുന്നു റിയാദ് ക്രിമിനൽ കോടതി വിധിച്ചത്. ഈശിക്ഷാ കാലാവധിയാണ് 20ന്പൂർത്തിയായത്. 21 മുതൽ റിയാദിൽ സർക്കാർ സ്ഥാപനങ്ങൾക്ക് ബലിപെരുന്നാൾ അവധിയാണ്. കേസിൽ റഹീമിനു മേൽ ചുമത്തപ്പെട്ട വധശിക്ഷ 2024 ജൂലൈ രണ്ടിന് റിയാദ് കോടതി റദ്ദാക്കിയിരുന്നു.ഹൗസ് ഡ്രൈവർ വീസയിൽ ജോലി തേടി 2006 നവംബറിലാണു റിയാദിലേക്കു പോയത്. ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം 2006 ഡിസംബർ 26 നാണ് റഹീമിനെ ജയിലിൽ അടച്ചു. വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ, മാപ്പ് നൽകാൻ തയാറാണന്ന് സൗദി ബാലന്‍റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് റഹീമിന്‍റെ വധശിക്ഷ റദ്ദാക്കി ഉത്തരവുണ്ടായത്. 34.35 കോടി രൂപ ദയാധനം സ്വീകരിച്ചാണു സൗദി കുടുംബം മാപ്പുനൽകിയത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സുമനസുകളുടെ കാരുണ്യത്തിലാണു അന്ന് ഇത്രയും വലിയ തുക സമാഹരിച്ചത്. വധശിക്ഷ റദ്ദാക്കിയിട്ടും ഒറിജിനൽ കേസ് ഡയറി പരിശോധിക്കാൻ കൂടുതൽ സമയം വേണം എന്ന കാരണത്താൽ പത്തിലേറെ തവണയാണ് കേസ് മാറ്റിവച്ചത്.