മകന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയോടെ അഭിജിത്ത് ദീപ്‌കെയുടെ മാതാപിതാക്കൾ

മകന് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയോടെ  അഭിജിത്ത് ദീപ്‌കെയുടെ മാതാപിതാക്കൾ

മുംബൈ: കഴിഞ്ഞ ദിസങ്ങളിലായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായ ഒരു പേരാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). വിദ്യാസമ്പന്നരും എന്നാൽ പാർശ്വവൽക്കരിക്കപ്പെട്ടവരുമായ യുവാക്കളുടെ ശബ്‌ദമായി മാറിയ സിജെപിക്ക് സമൂഹത്തിൽ ചുരുങ്ങിയ ദിവസത്തിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്.പാറ്റകളെപ്പോലെ കുറെ യുവാക്കളുണ്ട്. ഒരു തൊഴിലുമില്ലാതെ അവർ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്‌ടിവിസ്‌റ്റുകളും അർടിഐ ആക്‌ടിവിസ്‌റ്റുകളുമെല്ലാമായി ഭരണസംവിധാനത്തെ ആക്രമികുന്നുവെന്ന സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിൻ്റെ പരാമർശം യുവാക്കളെ പ്രത്യേകിച്ച് ജെൻസികളെ പ്രകോപിപ്പിച്ചു.രാജ്യത്തെ കോടിക്കണക്കിന് യുവജനതയുടെ രോഷം നെഞ്ചിലേറ്റി സിജെപിയുടെ ബുദ്ധി കേന്ദ്രമായി പ്രവർത്തിച്ചത് മഹാരാഷ്‌ട്രക്കാരനായ അഭിജിത് ദീപ്‌കെയാണ്. മാധ്യമപ്രവർത്തനത്തിൽ ബിരുദം നേടിയ ശേഷം അമേരിക്കയിലെ ബോസ്‌റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ മാസ്‌റ്റേഴ്‌സ് പൂർത്തിയാക്കിയ ഒരു പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്‌റ്റാണ് അഭിജിത്ത്.ഒരു ആവേശത്തിൻ്റെ പുറത്ത് ചെയ്‌ത പണിയാണെങ്കിലും ഇത് ചില്ലറ പണിയൊന്നുമല്ല അഭിജിത്തിനും മാതാപിതാക്കൾക്കും വരുത്തി വച്ചത്. സിജെപിയുടെ പെട്ടന്നുള്ള വളർച്ചയിൽ ആശങ്കാകുലരാണ് അഭിജിത്ത് ദീപ്‌കെയുടെ മാതാപിതാക്കൾ.നിലവിലെ രാഷ്‌ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ മകന് എന്തെങ്കിലും സംഭവിക്കുമോ നിയമക്കുരുക്കിൽ അകപ്പെടുകയോ അറസ്‌റ്റ് ചെയ്യപ്പെടുകയോ എന്ന ഭയമാണ് ഛത്രപതി സംഭാജിനഗർ സ്വദേശികളായ ഭഗവാൻ ദീപ്‌കെയും അനിത ദീപ്‌കെയും.

അഭിജിത്ത് കുട്ടിക്കാലം മുതൽക്കെ വളരെ ശാന്ത സ്വഭാവമുള്ള ആളാണ്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഉന്നത പഠനത്തിനായാണ് പുനെയിലേക്ക് താമസം മാറിയത്. എഞ്ചീനിയറിങ് പഠിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അഭിജിത്തിന് അതിൽ താത്‌പര്യമുണ്ടായിരുന്നില്ല.പിന്നീട് സഹോദരിയുടെ നിർദ്ദേശപ്രകാരമാണ് വിദേശത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോവുന്നത്. പഠിച്ച് നല്ല ജോലി നേടണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹം. എന്നാൽ അവൻ രാഷ്‌ട്രിയത്തിലേക്ക് പ്രവേശിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അഭിജിതിൻ്റെ അമ്മ അനിത പറഞ്ഞു.ഇന്നത്തെ കാലത്ത് എത്ര അനുനായികൾ കൂടെ ഉണ്ടായാലും തനിക്ക് ഭയമാണ്. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ അറസ്‌റ്റ് ചെയ്യപ്പെടുമോ എന്ന ഭയമുണ്ട്. അവൻ സുരക്ഷിതമായി വീട്ടിൽ എത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. രാഷ്‌ട്രീയത്തിൽ തുടരണോ വേണ്ടയോ എന്നത് അവൻ്റെ തീരുമാനമായിരിക്കും. പക്ഷെ അവൻ അത് പിന്തുടരുണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അനിത പറഞ്ഞു.

ബോസ്‌റ്റൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയും ആം ആദ്‌മി പാർട്ടിയുടെ മുൻ അസോസിയേറ്റുമായ അഭിജിത്ത് ദീപ്‌കെ ഒരാഴ്‌ച മുമ്പാണ് സിജെപിയുടെ അക്കൗണ്ട് സോഷ്യൽ മീഡിയയിൽ ആരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇൻസ്‌റ്റഗ്രാമിൽ മാത്രം 19 ദശലക്ഷത്തിലധികം പോളോവേഴ്‌സാണ് കോക്രോച്ച് ജനത പാർട്ടിക്ക് ലഭിച്ചത്.