നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ ഹർജി നാളെ പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ ഹർജി നാളെ പരിഗണിക്കും

എറണാകുളം :  നടി ആക്രമിക്കപ്പെട്ട കേസിൽ, ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതിയിൽ നാളെ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും . മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ നിയമവിരുദ്ധമായി ചോർന്ന സംഭവത്തിൽ വിശദമായ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറിയിരുന്നു. മെമ്മറി കാർഡുമായി ബന്ധപ്പെട്ട പരാതി മുമ്പ് താൻ ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാറായിരിക്കെ ഔദ്യോഗികമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം. ഇതേത്തുടർന്നാണ് ഹർജി ഇപ്പോൾ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിലേക്ക് ചീഫ് ജസ്റ്റിസ് റീഅസൈൻ ചെയ്തത്.കോടതികളുടെ കസ്റ്റഡിയിലിരിക്കെ മൂന്നു തവണ മെമ്മറി കാർഡ് അനധികൃതമായി തുറന്നുപരിശോധിച്ചതായി ഫൊറൻസിക് പരിശോധനയിൽ നേരത്തെ കണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച വസ്തുതാന്വേഷണ റിപ്പോർട്ടിനെതിരെയാണ് അതിജീവിത പ്രധാനമായും ഹർജി നൽകിയിരിക്കുന്നത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ അപൂർണ്ണമാണെന്നും പ്രതികളെ സംരക്ഷിക്കുന്നതാണെന്നുമാണ് അതിജീവിതയുടെ ആക്ഷേപം. സുപ്രീം കോടതിയിലെ പ്രമുഖ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുള്ളത്.2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് അതിജീവിതയായ നടി ആക്രമിക്കപ്പെടുന്നതും പ്രതികൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതും.