പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി.

കോഴിക്കോട്: ചെലവൂരിന് സമീപം മൂഴിക്കൽ ആറേമൂന്നിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പൂതംകുഴി സ്വദേശിനിയായ പതിനാറുകാരി, ബന്ധുവും കൊളത്തറ സ്വദേശിയുമായ അദിനാൻ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം നടക്കുന്നത്. അർദ്ധരാത്രി വീടിൻ്റെ മുകൾ നിലയിൽ നിന്നും ശബ്‌ദം കേട്ട് പെൺകുട്ടിയുടെ മുത്തശി വന്നു നോക്കുമ്പോഴാണ് കഴുത്തിൽ തുണി മുറുക്കിയ നിലയിൽ മുറിക്കകത്ത് ബോധമില്ലാതെ കിടക്കുന്ന പെൺകുട്ടിയെ കണ്ടത്.ഉടൻതന്നെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് നോക്കുമ്പോഴാണ് തൊട്ടടുത്ത മുറിയിൽ ബന്ധുവായ അദിനാനെ കണ്ടത്. ബഹളം വച്ചതോടെ പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തി. അദിനാനെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മുഖത്ത് പ്ലാസ്‌റ്റർ ചുറ്റി മരിച്ച നിലയിൽ അദിനാനെ കണ്ടു എന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. ഇയാൾ വിഷം കഴിച്ചിരുന്നതായി നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. വായയിൽ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം
വീട്ടിൽ കയറിയത് കള്ളത്താക്കോൽ ഉപയോഗിച്ച്
ഇരു മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ ആറുമാസത്തോളം പെൺകുട്ടിയുടെ ഉമ്മയുടെ സഹോദരിയുടെ മകനായ അദിനാൻ പൂതൻ കുഴിയിലെ വീട്ടിൽ താമസിച്ചിരുന്നു. അദിനാൻ്റെ സ്വഭാവ ദൂഷ്യത്തെ തുടർന്ന് ഇവിടുന്ന് പുറത്താക്കിയതാണ്. ഇന്നലെ രാത്രി വ്യാജ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് വീടിൻ്റെ മുകൾ നിലയിൽ കയറി എന്നാണ് പരിസരവാസികൾ പറയുന്നത്. തുടർന്നാണ് അദിനാൻ കൃത്യം നടത്തിയത് എന്നാണ് കരുതുന്നത്.കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്‌റ്റൻ്റ് കമ്മിഷണർ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. കൂടാതെ ബന്ധുക്കളെ പ്രാഥമികമായി ചോദ്യം ചെയ്‌തിട്ടുണ്ട്. ഇതിനുപുറമെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അന്വേഷണം ഊർജിതം
അതേസമയം രണ്ട് മരണങ്ങളും നാടിനെ ആകെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ്‌വണ്ണിനുള്ള കാത്തിരിപ്പിലായിരുന്നു മരിച്ച പെൺകുട്ടി. അതേസമയം അദിനാൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണവും ഉയരുന്നുണ്ട്. മുഖത്ത് മുഴുവനായും പ്ലാസ്‌റ്റർ ഒട്ടിച്ച നിലയിൽ അദിനാനെ കണ്ടെത്തിയതിലാണ് പ്രദേശവാസികൾ ദുരൂഹത ആരോപിക്കുന്നത്. ആരോപണം ഉയർന്നതോടെ പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻവെസ്‌റ്റ് നടപടികൾക്ക് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടം ചെയ്യും. പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്ന മുറക്ക് മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ.